
മുനമ്പം വഖഫ് കേസിലെ വാദം ഇന്ന് പുനഃരാരംഭിക്കും. മുനമ്പത്തേത് വഖഫ് ഭൂമി ആണോ അല്ലയോ എന്ന പരിശോധനയാണ് ഇപ്പോള്‍ ട്രൈബ്യൂണലില്‍ നടക്കുന്നത്. വില്‍പ്പന വിലക്ക് വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്തഭൂമിക്കല്ലെന്ന ട്രൈബ്യൂണലിന്റെ സുപ്രധാന നിരീക്ഷണം വന്നതിന് ശേഷമുള്ള വാദമാണ് ഇന്ന് നടക്കുക. 1994ലെയും 2013ലെയും വഖഫ് ഭേദഗതി ട്രൈബ്യൂണല്‍ ഇന്ന് പരിശോധിച്ചേക്കും.
ഹൈക്കോടതിയുടെ വിലക്കുള്ളതിനാൽ മുനമ്പം ഭൂമി കേസിൽ മെയ് 26 വരെ അന്തിമ ഉത്തരവിറക്കാൻ വഖഫ് ട്രൈബ്യൂണലിന് കഴിയില്ല. 1970ലെ ഭൂമി കേസുമായി ബന്ധപ്പെട്ട രേഖകൾ പറവൂർ സബ് കോടതിയിൽ നിന്ന് വിളിച്ചു വരുത്തണമെന്ന വഖഫ് ബോർഡിൻ്റെ ആവശ്യം വഖഫ് ട്രൈബ്യൂണൽ തള്ളിയതിനു പിന്നാലെ ബോർഡ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് 1969ൽ ഫാറൂഖ് കോളേജ് പറവൂർ സബ് കോടതിയിൽ സത്യവാങ്മൂലം നൽകിയെന്ന് വാദിച്ചതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം വഖഫ് ബോർഡിന്‍റെ അഭിഭാഷകൻ വഖഫ് ട്രൈബ്യൂണലിന്‍റെ മുന്നിൽ ഉന്നയിച്ചത്. എന്നാൽ രേഖകൾക്കായി ട്രൈബ്യൂണൽ ഇടപെടിലെന്നും വഖഫ് ബോർഡിന് പറവൂർ കോടതിയിൽ നിന്ന് സർട്ടിഫൈഡ് കോപ്പികൾ വാങ്ങാമെന്നുമായിരുന്നു ട്രൈബൂണലിന്റെ നിർദേശം.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നുള്ള വഖഫ് ബോർഡിന്‍റെ 2019ലെ ഉത്തരവും വഖഫ് രജിസ്റ്ററിൽ സ്ഥലം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഫാറൂഖ് കോളേജിന്‍റെ ഹർജിയിലാണ് ട്രൈബ്യൂണലില്‍ വാദം തുടരുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡ് വാദിക്കുമ്പോൾ അല്ലാ എന്ന നിലപാടാണ് ഫാറൂഖ് കോളേജ് മാനേജ്മെൻ്റ് അസോസിയേഷനുള്ളത്.