
മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ യുഡിഎഫിൽ ഭിന്നത. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രസ്താവന തള്ളി പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറുമടക്കം കൂടുതൽ ലീഗ് നേതാക്കൾ രംഗത്തെത്തി. എല്ലാവരുമായും കൂടിയാലോചിച്ചാണ് താൻ നിലപാട് പറഞ്ഞതെന്ന് വി.ഡി. സതീശൻ ആവർത്തിച്ചതോടെ മുനമ്പം സംബന്ധിച്ച് കോൺഗ്രസിനും ലീഗിനും രണ്ട് നിലപാടാണെന്ന് വീണ്ടും വെളിവായി.
നേരത്തേ തന്നെ ആളുകൾ താമസിച്ചിരുന്ന ഭൂമിയാണ് മുനമ്പത്തേത്, അങ്ങനെയുള്ള ഭൂമി വഖഫിനായി നൽകാനാകില്ലെന്നായിരുന്നു ഒരാഴ്ച മുന്‍പ് മുനമ്പം സമരപ്പന്തൽ സന്ദർശിച്ചപ്പോൾ വി.ഡി. സതീശൻ പറഞ്ഞത്. മുനമ്പത്തെ ഭൂമി വഖഫിന്‍റേതാണെന്ന് അവകാശപ്പെടുന്നത് വഖഫ് ബോര്‍ഡാണ്. സംസ്ഥാന സര്‍ക്കാരാണ് ബോര്‍ഡിനെ നിയമിച്ചതെന്നുകൂടി പറഞ്ഞ് പ്രശ്നം പൂർണമായി സംസ്ഥാന സർക്കാരിൻ്റെ ഉത്തരവാദിത്തത്തിലേക്കിടുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മുസ്ലിം ലീഗിൽ നിന്ന് ആദ്യം പ്രതികരിച്ച കെ.എം. ഷാജി പ്രതിപക്ഷ നേതാവിൻ്റെ നിലപാടിനെ പാടേ തള്ളി. മുനമ്പത്തേത് വഖഫ് ഭൂമി തന്നെ. അക്കാര്യത്തിൽ ലീഗിന് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ഷാജി ഉറപ്പിച്ചു പറഞ്ഞു. വഖഫ് ഭൂമിയാണെന്ന വാദം പരസ്യമായി ഉന്നയിക്കാതെ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നേതാക്കൾ ഇതുവരെ തുടർന്നുപോന്നത്. എന്നാല്‍ ഇന്ന് കെ.എം.ഷാജിയെ ശക്തമായി പിന്തുണച്ച് ഇ.ടി.മുഹമ്മദ് ബഷീർ രംഗത്തെത്തി. ആരു പറഞ്ഞാലും മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന നിലപാട് ശരിയല്ലെന്നായിരുന്നു ഇ.ടിയുടെ നിലപാട്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. പരസ്യവിവാദം ഒഴിവാക്കണമെന്നാണ് സൂചിപ്പിച്ചതെന്ന് പറഞ്ഞ് രംഗം മയപ്പെടുത്താൻ ശ്രമിക്കുമ്പോഴും ഇ.ടി. മുഹമ്മദ് ബഷീറും കെ.എം. ഷാജിയും എം.കെ. മുനീറും പറയുന്ന നിലപാട് തന്നെയാണ് ലീഗിൻ്റേതെന്ന് കുഞ്ഞാലിക്കുട്ടിയുടെ വരികൾക്കിടയിലുണ്ട്. യുഡിഎഫിൽ ഭിന്നാഭിപ്രായമില്ലെന്ന് മുഖവുരയായി പറഞ്ഞെങ്കിലും മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്നതിനോട് സാദിഖലി ശിഹാബ് തങ്ങളും യോജിച്ചു.
എന്നാൽ. യുഡിഎഫിൽ എല്ലാവരുമായി ആലോചിച്ചാണ് താൻ അഭിപ്രായം പറഞ്ഞതെന്ന് ആവർത്തിക്കുകയാണ് വി.ഡി. സതീശൻ. നിയമവശങ്ങൾ പരിശോധിച്ചാണ് തൻ്റെ നിലപാടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിസ്ഥാന വിഷയത്തിൽ യുഡിഎഫിൽ നേർ വിപരീത ദിശയിൽ രണ്ട് അഭിപ്രായം ഉയരുമ്പോഴും സര്‍ക്കാരിന് സംഘപരിവാർ അനുകൂല സമീപനമെന്നടക്കം പറഞ്ഞ് വിഷയം വീണ്ടും സർക്കാരിലേക്ക് തിരിക്കുകയാണ് വി.ഡി. സതീശൻ.
ഇതിനിടെ വഖഫ് ബോർഡിനോടും ഫറൂഖ് കോളേജിനോടും ജുഡീഷ്യൽ കമ്മീഷൻ നിലപാട് തേടി. ഭൂമിയുടെ സ്വഭാവം, ക്രയവിക്രയം എന്നിവയെല്ലാം അറിയിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഫറൂഖ് കോളേജ് വിറ്റ സ്ഥലം പോക്കുവരവ് ചെയ്തതിന്‍റെ വിശദാംശങ്ങൾ അടക്കം ആവശ്യപ്പെട്ട് റവന്യൂ വകുപ്പിനും കമ്മീഷൻ കത്ത് നൽകിയിട്ടുണ്ട്.