മുനമ്പം ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്; ആരെയും കുടിയിറക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കും

ഭൂമി തര്‍ക്കത്തില്‍ സമവായ നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.
മുനമ്പം ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്; ആരെയും കുടിയിറക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കും
Published on


മുനമ്പത്തെ ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. റവന്യൂ, നിയമ, വഖഫ് മന്ത്രിമാരും, ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. വൈകീട്ട് 4ന് സെക്രട്ടറിയേറ്റിലാണ് യോഗം. മുനമ്പത്ത് നിന്ന് ആരെയും കുടി ഇറക്കില്ലെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കും. ഭൂമി തര്‍ക്കത്തില്‍ സമവായ നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.

ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് തീരുമാനത്തിന് എതിരെ ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍ നല്‍കിയ കേസില്‍ കക്ഷി ചേരുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും.

മുനമ്പം ഭൂമി തര്‍ക്കക്കേസ് പെട്ടെന്ന് പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു. മുനമ്പം വിഷയത്തില്‍ ലത്തീന്‍ മെത്രാന്‍ സമിതിയുമായി ലീഗ് നേതൃത്വം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.


മുനമ്പം പ്രശ്നത്തില്‍ കാലതാമസം കൂടുംതോറും അതിന്റെ സങ്കീര്‍ണത വര്‍ധിക്കുകയാണ്. എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരത്തിന് ചെയ്യേണ്ട കാര്യങ്ങള്‍ സഭാ നേതാക്കളുമായി ചേര്‍ന്ന് സംസാരിക്കുക എന്ന നിലക്കാണ് കൂടിക്കാഴ്ച നടത്തിയത്. ഈ വിഷയത്തില്‍ നിയമപരമായും വസ്തുതാപരവുമായിട്ടുള്ള കാര്യങ്ങളില്‍ സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്. കാലതാമസം കൂടാതെ സര്‍ക്കാര്‍ ഇതില്‍ ഇടപെട്ട് എല്ലാ കക്ഷികളെയും കൂട്ടി വിളിച്ച് സമ്പൂര്‍ണമായ ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കണമെന്നാണ് സഭാ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എടുത്ത യോജിച്ച തീരുമാനമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു.

മുനമ്പം വിഷയത്തില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ നഷ്ടപ്പെട്ട വഖഫ് ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു. വഖഫുകള്‍ സമുദായത്തിന്റെ പൊതു സ്വത്താണ്. വഖഫ് ബോര്‍ഡിന്റെ രേഖകളില്‍ വഖഫായി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഒരു ഭൂമിയുടെ പേരിലും ബോര്‍ഡ് നോട്ടീസ് അയക്കില്ല. വഖഫ് ഭൂമിയുടെ ആധാരം കൊണ്ട് രജിസ്ട്രാര്‍ ഓഫീസില്‍ ചെന്നാല്‍ ഒരു രജിസ്ട്രാറും വില്‍പ്പനാധാരം ചെയ്തു കൊടുക്കില്ല. ഇങ്ങനെയുള്ളപ്പോള്‍ മുനമ്പത്തെയും തലപ്പുഴയിലെയും ചാവക്കാട്ടെയും ഇരകള്‍ക്ക് പിന്നെങ്ങനെ വഖഫ് ഭൂമി രജിസ്റ്റര്‍ ചെയ്തു കിട്ടി എന്ന ചോദ്യവും ലേഖനത്തിലൂടെ സമസ്ത കാന്തപുരം വിഭാഗം ഉന്നയിക്കുന്നു.

ഇ.കെ സമസ്തയും വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാന്തപുരം വിഭാഗവും പ്രതികരണവുമായി രംഗത്തെത്തിയത്. ചില രാഷ്ട്രീയ നേതാക്കന്മാര്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പറയുന്നതെന്നാണ് ഇ. കെ സമസ്ത വിഭാഗം ചോദിച്ചത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com