മുണ്ടക്കൈ -ചൂരൽമല പുനരധിവാസം: സമ്മതപത്രത്തില്‍ മാറ്റം; ദുരന്തബാധിതരുടെ വീട് മാത്രം സറണ്ടർ ചെയ്താല്‍ മതിയെന്ന് മന്ത്രി കെ. രാജന്‍

ആയിരം രൂപയുടെ ഭക്ഷ്യകിറ്റ് ഏപ്രില്‍ മുതല്‍ ആറുമാസത്തേക്ക് വിതരണം ചെയ്യുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു
മുണ്ടക്കൈ -ചൂരൽമല പുനരധിവാസം: സമ്മതപത്രത്തില്‍ മാറ്റം; ദുരന്തബാധിതരുടെ വീട് മാത്രം സറണ്ടർ ചെയ്താല്‍ മതിയെന്ന് മന്ത്രി കെ. രാജന്‍
Published on

മുണ്ടക്കൈ -ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ദുരന്തബാധിതരുടെ വീട് മാത്രം ഏറ്റെടുക്കും. സമ്മത പത്രത്തിൽ മാറ്റം വരുത്തിയതായും ദുരന്ത ബാധിതര്‍ വീട് മാത്രം സറണ്ടര്‍ ചെയ്താല്‍ മതിയെന്നും റവന്യൂ മന്ത്രി കെ. രാജന്‍ വ്യക്തമാക്കി. ഭൂമിയും വീടുകളും സ്ഥാപനങ്ങളും മറ്റു ചമയങ്ങളും സറണ്ടര്‍ ചെയ്യണം എന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങളിൽ വ്യക്തത വരുത്തുകയായിരുന്നു മന്ത്രി.

സമ്മത പത്രത്തിലും അനുബന്ധ ഫോമുകളിലും വീട് മാത്രം സറണ്ടര്‍ ചെയ്താല്‍ മതിയെന്നാക്കി. ആയിരം രൂപയുടെ ഭക്ഷ്യകിറ്റ് ഏപ്രില്‍ മുതല്‍ ആറുമാസത്തേക്ക് വിതരണം ചെയ്യുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു. ഏഴോളം റോഡുകളുടെ എസ്റ്റിമേറ്റ് രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും തീരുമാനമായതായി മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ പുനരധിവാസത്തിന്റെ ഭാ​ഗമായി വീടു വേണോ അതോ സാമ്പത്തിക സഹായമായി 15 ലക്ഷം രൂപ വേണോ എന്ന കാര്യത്തിൽ സമ്മതപത്രം നൽകണമെന്ന് കളക്ടർ ദുരന്തബാധിതരെ നേരിൽ കണ്ട് അറിയിച്ചിരുന്നു. നേരിൽ കണ്ട 196 പേരിൽ 22 പേർ മാത്രമാണ് വീടിനായി സമ്മതപത്രം നൽകിയത്. ഇതിനെ തുടർന്നാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് കൂടുതൽ പേർ വീടിനായി സമ്മതപത്രം നൽകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

അതേസമയം, പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.ആദ്യ ഘട്ടത്തില്‍ 430 കുടുംബങ്ങള്‍ക്കായാണ് പുനരധിവാസ പദ്ധതി നടപ്പാക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ 215 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി മതിയാകുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഹാരിസണ്‍സ് മലയാളത്തിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com