ഇരവികുളം ദേശിയോദ്യാനത്തില്‍ വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്ന് തുടങ്ങി; ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

ഇത്തവണ പ്രജനനകാലത്തെ താപനില വരയാടുകൾക്ക് ഏറെ അനുയോജ്യമാണ്
ഇരവികുളം ദേശിയോദ്യാനത്തില്‍ വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്ന് തുടങ്ങി; ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
Published on: 
Updated on: 


ഇടുക്കി മൂന്നാർ ഇരവികുളം ദേശിയോദ്യാനത്തില്‍ ഫെബ്രുവരി ഒന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തും. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് നടപടി. ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ രണ്ട് മാസക്കാലത്തേക്ക് ഉദ്യാനത്തിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതിന് വിലക്കുള്ളത്.

വരയാടുകളുടെ ആവാസകേന്ദ്രമായ ഉദ്യാനത്തില്‍ വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്ന് തുടങ്ങി. ഇത്തവണ പ്രജനനകാലത്തെ താപനില വരയാടുകൾക്ക് ഏറെ അനുയോജ്യമാണ്. വരയാടുകൾക്ക് വേണ്ടുന്ന സുഗമമായ പ്രജനന കാലം ഒരുക്കുകയാണ് വനം വകുപ്പ്.

പ്രജനന കാലശേഷം ഏപ്രില്‍ ഒന്നിന് പാര്‍ക്ക് വീണ്ടും തുറക്കും. തുടർന്ന് ഏപ്രില്‍, മെയ് മാസങ്ങളിലായി വരയാടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. കഴിഞ്ഞ മേയ് മാസം നടത്തിയ കണക്കെടുപ്പില്‍ ഇരവികുളം ഉള്‍പ്പെടെയുള്ള വരയാടുകളുടെ ആവാസ കേന്ദ്രങ്ങളില്‍ 827 വരയാടുകളെയാണ് കണ്ടെത്തിയത്.

ഇതില്‍ 144 എണ്ണം വരയാടിൻ കുഞ്ഞുങ്ങളായിരുന്നു. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഇരവികുളം ദേശിയോദ്യാനം. ഇന്ത്യയിലെ ആദ്യ ക്യാഷ് ലെസ് പാര്‍ക്കു കൂടിയാണ് ഇരവികുളം. ശരാശരി 2000 വിനോദസഞ്ചാരികളാണ് ഇരവികുളത്ത് എത്താറുള്ളത്. കഴിഞ്ഞ 10 മാസം കൊണ്ട് 20 കോടി രൂപയാണ് ഇരവികുളം ദേശിയോദ്യാനത്തിലെ വരുമാനം.

News Malayalam 24x7
newsmalayalam.com