
മൂന്നാര്‍ വ്യാജപട്ടയവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി. മൂന്നാറില്‍ വ്യാജപട്ടയം നല്‍കിയതുമായി ബന്ധപ്പെട്ട് 19 റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നാണ് ഹൈക്കോടതിയുടെ അറിയിപ്പ്.
ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന രാജന്‍ മഡേക്കര്‍ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. സി.ബി.ഐ അന്വേഷണം വേണ്ടെങ്കില്‍ അതിനുള്ള കാരണം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
മൂന്നാര്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമിയ്ക്ക് വ്യാജ പട്ടയം നല്‍കിയ സംഭവത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ അടക്കമുള്ള പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. 19 റവന്യൂ ഉദ്യോഗസ്ഥരും വ്യാജപട്ടയ കേസില്‍ കുറ്റക്കാരാണ്.
എന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടികാട്ടി. കേസില്‍ സി.ബി.ഐയെ നേരത്തെ കോടതി കക്ഷി ചേര്‍ത്തിരുന്നു. വ്യാജപട്ടയം അന്വേഷിക്കാന്‍ സി ബി ഐ വേണ്ടങ്കില്‍ അതിനുള്ള കാരണം സര്‍ക്കാര്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
അഡ്വക്കറ്റ് ജനറലിനോട് വിഷയത്തില്‍ നാളെ നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇടുക്കിയിലെ ഭൂപ്രശ്‌നം അറിയാവുന്ന ജില്ലാ കളക്ടറെ നിയമിക്കാനാകുമോയെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു.
ഇല്ലെങ്കില്‍ സെപ്ഷ്യല്‍ ഓഫീസറെയെങ്കിലും നിയമിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കണമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. മൂന്നാര്‍ മേഖലയിലെ കൈയ്യേറ്റം ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സന്നദ്ധ സംഘടനയടക്കം നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.