
ചെന്നൈയിൽ ബിഎസ്‌പി പാർട്ടിയുടെ തമിഴ്‌നാട് പ്രസിഡൻ്റ് കെ. ആംസ്ട്രോങ് അരുംകൊല ചെയ്യപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്നാട് തലവൻ ആംസ്ട്രോങ്ങിനെ ബൈക്കിലെത്തിയ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കഴിഞ്ഞ വർഷം ഗുണ്ടാ സംഘത്തിലെ ആർക്കോട് സുരേഷിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ബിഎസ്‌പി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പൊലീസിൻ്റെ നിഗമനം. കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലാകെ പ്രതിഷേധം അലയടിക്കുകയാണ്. ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ പ്രതിപക്ഷം ശക്തമായി ആഞ്ഞടിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും, അതിൻ്റെ തെളിവാണ് കൊലപാതകമെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉയർത്തി. അഭിഭാഷകനായ ആംസ്ട്രോങ് 2006ലാണ് ചെന്നൈ കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.