

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സോങ് ജനറേറ്ററുകളായ സുനോ, ഉഡിയോ എന്നിവർക്കെതിരെ പകർപ്പവകാശ ലംഘനത്തിന് ലോകത്തിലെ ഏറ്റവും വലിയ സംഗീത നിർമ്മാതാക്കൾ കേസ് ഫയൽ ചെയ്തു. ചക് ബെറി മുതൽ മരിയ ക്യാരി വരെയുള്ള കലാകാരന്മാരുടെ റെക്കോർഡുകൾ ഈ സ്റ്റാർട്ടപ്പുകൾ അനധികൃതമായി ഉപയോഗിക്കുന്നു എന്നാണു സംഗീത നിര്‍മ്മാതാക്കളുടെ പരാതി.
സോണി മ്യൂസിക് എന്‍റർടൈൻമെന്‍റ്, യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് റെക്കോർഡിങ്‌സ്, വാർണർ റെക്കോർഡ്‌സ് എന്നിവർ പരാതി നൽകിയയെന്ന് റെക്കോർഡിങ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്ക പറയുന്നു.
സുനോ എ ഐയ്ക്കെതിരെയുള്ള കേസ് ബോസ്റ്റണിലാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ബാക്കി കേസുകൾ ന്യൂയോർക്കിലും. സുനോ, ഉഡിയോ സോഫ്ട്‍വെയറുകൾ സംഗീതം മോഷ്ടിച്ച് അവയുമായി സമാനതകളുള്ള പാട്ടുകൾ നിർമ്മിക്കുന്നുവെന്നും ഇതിനു നഷ്ടപരിഹാരമായി 1,50,000 ഡോളർ നൽകണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
മൈക്രോസോഫ്റ്റുമായി പങ്കാളിത്തമുള്ള സുനോ കഴിഞ്ഞ വർഷം അവസാനമാണ് ആദ്യ ഉത്പന്നം വെളിയിലിറക്കുന്നത്. ഏപ്രിലിലാണ് ഉഡിയോ തുടങ്ങുന്നത്. കെന്‍ഡ്രിക്ക് ലാമാറും ഡ്രേക്കും ചേർന്ന് തയ്യാറാക്കിയ ഗാനത്തിന്‍റെ പാരഡി നിർമ്മിക്കുവാനായി യുഎസ് പ്രൊഡ്യൂസർ 'മെട്രോ ബൂമിൻ' ഉപയോഗിക്കുന്നതിലൂടെയാണ് ഉഡിയോ പ്രശസ്തമാകുന്നത്.
കഴിഞ്ഞ മാസം കലാകാരന്മാരുടെ അവകാശത്തിനുവേണ്ടിയുള്ള സംഘടനയുടെ ആഭിമുഖ്യത്തിൽ 200 ൽ അധികം കലാകാരന്മാര്‍ ടെക് കമ്പനികൾ, ഡെവലപ്പർമാർ, ഡിജിറ്റൽ സംഗീത പ്ലാറ്റ്ഫോമുകൾ എന്നിവർക്ക് തുറന്ന കത്ത് സമർപ്പിച്ചിരുന്നു. മനുഷ്യരായ കലാകാരന്മാരുടെ അധ്വാനത്തിന്‍റെ വിലകുറയ്ക്കുന്ന തരത്തിൽ എഐ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കരുതെന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം.