"ആരും എന്തുകൊണ്ട് അവരെ കൊല്ലാൻ ശ്രമിക്കുന്നില്ല?"; ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ വിവാദ പരാമർശവുമായി മസ്ക്

ഞായറാഴ്ച യുഎസ് സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടാവുന്നത്
"ആരും എന്തുകൊണ്ട് അവരെ കൊല്ലാൻ ശ്രമിക്കുന്നില്ല?"; ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ വിവാദ പരാമർശവുമായി മസ്ക്
Published on


മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ വിവാദ പരാമർശവുമായി ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക്. ഡെമോക്രാറ്റിക് പാർട്ടിക്കാരായ പ്രസിഡൻ്റ് ജോ ബൈഡനെയും സ്ഥാനാർത്ഥിയും വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസിനെയും ആരും വധിക്കാൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു മസ്കിൻ്റെ ചോദ്യം. 

"എന്തുകൊണ്ടാണ് അവർ ഡൊണാൾഡ് ട്രംപിനെ കൊല്ലാൻ ആഗ്രഹിക്കുന്നത്?" എന്ന് ചോദിച്ചെത്തിയ പോസ്റ്റിനോട് പ്രതികരിച്ചായിരുന്നു മസ്കിൻ്റെ കുറിപ്പ്.  "ബൈഡനെ അല്ലെങ്കിൽ കമലയെ വധിക്കാൻ ആരും ശ്രമിക്കുന്നു പോലുമില്ല," എക്സിലൂടെ തന്നെ തന്നെ മസ്‌ക് കുറിച്ചു.

എന്നാൽ മസ്കിനെ വിമർശിച്ചുകൊണ്ടാണ് കമൻ്റുകളെത്തിയിരിക്കുന്നത്. നിങ്ങൾ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ആലോചിക്കാറില്ലെ എന്നായിരുന്നു ഒരു എക്സ് ഉപയോക്താവിൻ്റെ ചോദ്യം. ആരും ആരെയും കൊലപ്പെടുത്താൻ ശ്രമിക്കരുതെന്നും ആളുകൾ പറയുന്നു.

ALSO READ: ട്രംപിന് നേരെയുണ്ടായ വെടിവെപ്പ്; ആരാണ് അറസ്റ്റിലായ റയാൻ റൗത്ത്?

ഞായറാഴ്ച യുഎസ് സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടാവുന്നത്. ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇൻ്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിൽ വെടിവെപ്പുണ്ടായെന്ന് ട്രംപിന്‍റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറാണ് എക്‌സിലൂടെ ആദ്യം സ്ഥിരീകരിച്ചത്. റിപബ്ലിക്കൻ സ്ഥാനാർഥി സുരക്ഷിതനാണെന്ന് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് അറിയിച്ചു.

ഗോള്‍ഫ് ക്ലബില്‍ വെടിവെപ്പ് ഉണ്ടായ ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിക്ക് നേരെ വെടിയുതിർത്തു. രണ്ട് ബാഗുകള്‍ ഉപേക്ഷിച്ച് സ്ഥലംവിട്ടെങ്കിലും സമീപ പ്രദേശത്തു നിന്നും അക്രമിയെ പൊലീസ്  കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും ആക്രമണത്തിന് ഉപയോഗിച്ച എ.കെ. 47 തോക്ക് കണ്ടെത്തി. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടനുസരിച്ച് നോർത്ത് കരോലിന ഗ്രീൻസ്ബോറോയിൽ നിന്നുള്ള ഒരു മുൻ നിർമാണ തൊഴിലാളിയായ റയാൻ റൗത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ പ്രചാരണറാലിയില്‍ നേരത്തെ ട്രംപിന് നേരെ വധശ്രമമുണ്ടായിരുന്നു. പ്രചാരണത്തില്‍ പ്രസംഗിക്കുമ്പോള്‍ ട്രംപിന്‍റെ വലതു ചെവിക്ക് വെടിയേല്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയ തോമസ് മാത്യൂ ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവം നടന്ന്‌ രണ്ടുമാസം തികയുമ്പോഴാണ് വീണ്ടും വെടിവെപ്പ് ഉണ്ടാവുന്നത്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com