
ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെ എത്രയും വേഗം തിരികെ കൊണ്ടുവരാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി കോടീശ്വരൻ ഇലോൺ മസ്‌ക് അറിയിച്ചു. എക്സിലൂടെയാണ് ഇലോൺ മസ്‌ക് ഈ കാര്യമറിയിച്ചത്.
ക്രൂ-9 ദൗത്യത്തിന്റെ ഭാഗമായി രണ്ട് ബഹിരാകാശയാത്രികരെയും തിരിച്ചെത്തിക്കുന്നതിനായി നാസ മാസങ്ങൾക്ക് മുമ്പ് സ്‌പേസ് എക്‌സുമായി സഹകരിച്ചിരുന്നു. എന്നാൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് രണ്ട് ബഹിരാകാശയാത്രികരും ഇത്രയും കാലം കുടുങ്ങിക്കിടന്നത് ഭയാനകമാണ് എന്നും സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് പറഞ്ഞു.
“ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ രണ്ട് ബഹിരാകാശയാത്രികരെയും എത്രയും വേഗം തിരിച്ചെത്തിക്കാൻ യുഎസ് പ്രസിഡൻ്റ് സ്‌പേസ് എക്‌സിനോട് ആവശ്യപ്പെട്ടു. ഞങ്ങൾ അത് ചെയ്യും. ബൈഡൻ ഭരണകൂടം ഇത്രയും കാലം അവരെ അവിടെ ഉപേക്ഷിച്ചത് ഭയാനകമാണ്” മസ്‌ക് എക്സിൽ കുറിച്ചു.
അതേസമയം, ബഹിരാകാശ നിലയത്തിൽ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന രണ്ട് അമേരിക്കൻ ബഹിരാകാശയാത്രികരെ തിരിച്ചയക്കാനുള്ള ദൗത്യം സ്‌പേസ് എക്‌സ് ഉടൻ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. "ഇലോൺ വിൽ സൂൺ ബി ഓൺ ഹിസ് വേ. ഹോപ്ഫുള്ളി, ഓൾ വിൽ ബി സേഫ്. ഗുഡ് ലക്ക് ഇലോൺ” ട്രംപ് പറഞ്ഞു. എന്നാൽ ദൗത്യം എപ്പോൾ നടക്കുമെന്നത് അദ്ദേഹം വ്യക്തമാക്കിയില്ല.
എട്ടു ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയ ബഹിരാകാശ യാത്രിക സുനിത വില്യംസിനേയും സഹയാത്രികൻ ബാരി വിൽമോറിനേയും ഈ വർഷം തിരിച്ചെത്തിക്കുമെന്ന് നാസ വ്യക്തമാക്കിയിരുന്നു. ഇരുവരേയും ഫെബ്രുവരിയിൽ എലോൺ മസ്കിൻ്റെ സ്പെയ്സ് എക്സിൽ തിരിച്ചെത്തിക്കുമെന്നാണ് അറിയിച്ചത്.
കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിതാ വില്യംസ്, ബുച്ച് വില്‍മര്‍ എന്നിവര്‍ ബഹിരാകാശ നിലയത്തിലെത്തിയത്. സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതക ചോർച്ചയും ത്രസ്റ്ററുകൾ ഉപയോഗക്ഷമമല്ലാതായതുമാണ് മടക്കയാത്രയ്ക്ക് തടസം സൃഷ്ടിച്ചത്.