
എഡിജിപി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പി.വി. അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പി.വി. അൻവറിന് വിശ്വാസ്യത ഇല്ലെങ്കിലും അദ്ദേഹം ഇപ്പോൾ പറഞ്ഞതിനെ ഗൗരവം കുറച്ചു കാണാൻ പറ്റില്ല എന്നും കെ എം ഷാജി പറഞ്ഞു.
വളരെ ഗുരുതരമായ പ്രശ്നങ്ങളാണ് അൻവർ ഉന്നയിച്ചത്. ഇവിടെ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാർ ആണെന്നാണ് ഇപ്പോൾ പറയുന്നത്. കഴിഞ്ഞയാഴ്ച സർക്കാർ മസിനഗുഡി വഴി ഊട്ടിക്ക് പോയിരുന്നോ? കഴിഞ്ഞയാഴ്ച എസ്.പി ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന ആളാണ് അൻവർ. പരാതി കൊടുത്താൽ തൻ്റെ ഉത്തരവാദിത്തം തീർന്നു എന്നാണ് അൻവർ ഇപ്പോൾ പറയുന്നത് എന്നും കെ.എം. ഷാജി പരിഹസിച്ചു.
ഇപ്പോൾ മുഖ്യമന്ത്രിയെ കണ്ടു വന്നതിനുശേഷം അൻവർ മാധ്യമങ്ങളോടാണ് ചൂടാകുന്നത്. അൻവറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാക്കിയാൽ തീരാവുന്ന പ്രശ്നമല്ല ഇപ്പോഴത്തേത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണം. ഗുരുതരമായ ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം വേണം. അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്. മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടനുള്ള മരുന്ന് ശശിയുടെ അടുത്ത് ഉണ്ട്. കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും. സംഭവങ്ങളിൽ കോൺഗ്രസിനൊപ്പം ലീഗും ശക്തമായ സമരത്തിനിറങ്ങും. സമരമൊഴിഞ്ഞു പ്രതിപക്ഷത്തിന് എവിടെയാണ് സമയം. അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട് എന്നും കെ.എം. ഷാജി പറഞ്ഞു.