
എലപ്പുള്ളി മദ്യനിർമാണ പദ്ധതിയിൽ സർക്കാരിനെതിരെ വിമർശനവുമായി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാലക്കാട് കുടിവെള്ള പ്രശ്നം അതി രൂക്ഷമാണ്. അവിടെ മദ്യനിർമാണശാല നിർമിക്കുന്നത് ജനദ്രോഹ നടപടിയാണ്. എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ടുപോകുന്നത് സർക്കാരിൻ്റെ അന്ത്യം കുറിക്കലിനാകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊക്കകോളയെ ഓടിച്ച നമ്മൾ ബ്രൂവറിയെ കൊണ്ടുവരിക എന്നത് വിരോധാഭാസമാണ്. അത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഭിപ്രായ ഭിന്നതകൾ പരിഹരിക്കാനായി സമസ്ത- ലീഗ് നേതാക്കൾ കോഴിക്കോട് ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഫ്രി മുത്തുകോയ തങ്ങൾ, കൊയ്യോട് ഉമ്മർ മുസ്ലിയാർ, എം.ടി. അബ്ദുള്ള മുസ്ലിയാർ, സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലികുട്ടി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ഇരുവിഭാഗം നേതാക്കളും നടത്തിയ ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നാണ് ചർച്ചയ്ക്ക് ശേഷം സാദിഖലി തങ്ങൾ പ്രതികരിച്ചത്. മാർച്ച് ഒന്നിന് മറ്റൊരു യോഗം ചേരും. എല്ലാവരെയും ഉൾപ്പെടുത്തിയായിരിക്കും അന്ന് ചർച്ച നടത്തുക. ഇതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറയിൽ നിന്ന് മുസ്തഫൽ ഫൈസിയെ സസ്‌പെൻഡ് ചെയ്തതേടെയാണ് സമസ്തയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.