വഖഫിൽ രാഷ്ട്രീയ-നിയമ പോരാട്ടത്തിന് ഒരുങ്ങി മുസ്ലീം ലീഗ്; ദേശീയതലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും; സുപ്രീം കോടതിയെ സമീപിക്കും

പാണക്കാട് ചേർന്ന മുസ്ലീം ലീഗ് ദേശീയ പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം
വഖഫിൽ രാഷ്ട്രീയ-നിയമ പോരാട്ടത്തിന് ഒരുങ്ങി മുസ്ലീം ലീഗ്; ദേശീയതലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും; സുപ്രീം കോടതിയെ സമീപിക്കും
Published on

വഖഫ് ഭേദഗതി ബില്ലിനെതിരെ രാഷ്ട്രീയ-നിയമ പോരാട്ടത്തിന് ഒരുങ്ങി മുസ്ലീം ലീഗ്. ഈ മാസം 16 ന് കോഴിക്കോട് വഖഫ് സംരക്ഷണ പ്രതിരോധ മഹാറാലി സംഘടിപ്പിക്കും. മുസ്ലീം ലീഗ് ദേശീയ പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ദേശീയതലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.


മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. വഖഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്നും മുസ്ലീം ലീഗ് വ്യക്തമാക്കി.

അതേസമയം വഖഫ് നിയമ ഭേദ​ഗതി ബിൽ പാസാക്കിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കോൺ​ഗ്രസ് എംപി മുഹമ്മദ് ജാവേദ്. വഖഫ് ഭേദ​ഗതി ബിൽ പരിശോധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയിലെ അം​ഗവുമായിരുന്നു ജാവേദ്. മുസ്ലീങ്ങളെ വിവേചനപരമായി സമീപിക്കുന്ന നിയമമെന്നാണ് ഭേദ​ഗതി ബില്ലിനെ എംപി വിശേഷിപ്പിച്ചത്.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റിൻ്റെ പൂർണ രൂപം :



വഖഫ് ഭേദഗതി ബില്ലിനെതിരെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ തന്നെയാണ് മുസ്ലീം ലീഗ് പാർട്ടിയുടെ തീരുമാനം. ഇന്ന് മുസ്ലീം ലീഗ് ദേശീയ പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി ചേർന്ന അടിയന്തിര നേതൃ യോഗം ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു. മത സ്വാതന്ത്ര്യത്തിന്മേലുള്ള ഈ കടന്നു കയറ്റത്തിനെതിരെ അടിയന്തിര പ്രാധാന്യത്തോടെ സുപ്രീം കോടതിയെ സമീപിക്കും.


സംസ്ഥാന തലങ്ങളിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധ പ്രക്ഷോഭ റാലികൾ സംഘടിപ്പിക്കും. ഏപ്രിൽ 16 ന് കോഴിക്കോട് വെച്ച് മഹാറാലി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നീതി നടപ്പിലാക്കുന്നത് വരെ ജനാധിപത്യ മാർഗത്തിൽ രാജ്യത്തെ ജനാധിപത്യ മതേതര സമൂഹത്തെ ചേർത്ത് പിടിച്ച് കൊണ്ട് വിവിധങ്ങളായ ബഹുജന സമര പരിപാടികൾക്ക് പാർട്ടി നേതൃത്വം കൊടുക്കും.


മുസ്ലീങ്ങളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സർക്കാർ ഇന്ന് കടന്നു കയറുന്നത്. നാളെ മറ്റ് മത ന്യൂനപക്ഷൾക്കു നേരെയും ഇതാവർത്തിക്കും. സംവരണമടക്കമുള്ള ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ഓരോന്നായി ഇല്ലാതാക്കുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വഖഫ് ബിൽ എന്ന് മതേതര സമൂഹത്തിന് തിരിച്ചറിയാനാകണം. യോജിച്ച പോരാട്ടമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്. വഖഫ് ബില്ലിന് തൊട്ടുപിന്നാലെ പാതിരാവിൽ മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിനുള്ള നിയമവും പാസാക്കിയെടുത്തു എന്നത് ശ്രദ്ധേയമാണ്. പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. മുസ്ലീം ലീഗ് പാർട്ടി ഈ അവകാശ പോരാട്ടത്തിന്റെ മുന്നിൽ തന്നെയുണ്ടാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com