പങ്കാളികളെ സ്വയം കണ്ടെത്തുമെന്ന് പാകിസ്ഥാൻ യുവത; ട്രെൻഡിങ്ങായി 'മുസ്സ് ആപ്പ്'

മറ്റു ഡേറ്റിങ്ങ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഈ ആപ്പ് മുസ്ലീം ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
പങ്കാളികളെ സ്വയം കണ്ടെത്തുമെന്ന് പാകിസ്ഥാൻ യുവത; ട്രെൻഡിങ്ങായി 'മുസ്സ് ആപ്പ്'
Published on

ഒരു കുടുംബത്തിലെ വിവാഹത്തിൽ വരനെയും വധുവിനെയും മാറ്റി നിർത്തികൊണ്ടുള്ള കുടുംബത്തിൻ്റെ ഇടപെടൽ ഇന്ത്യയിൽ ഒരു പുതിയ കാഴ്ചയല്ല. അയൽരാജ്യമായ പാകിസ്ഥാനിലും കല്യാണക്കാര്യത്തിൽ യുവതി-യുവാക്കൾക്കുള്ള പങ്ക് വളരെ കുറവാണ്. എന്നാൽ ഈ പരമ്പരാഗത കീഴ്വഴക്കങ്ങൾ തെറ്റിച്ച് പങ്കാളികളെ സ്വയം കണ്ടെത്താൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്  പാകിസ്ഥാൻ യുവത. യു.എസ് ആസ്ഥാനമായുള്ള 'മുസ്സ് മാച്ച്' എന്ന ആപ്പ് മുഖേനയാണ് യുവതി-യുവാക്കൾ ഇണകളെ കണ്ടെത്തുന്നത്.

കാലങ്ങളായി പാകിസ്ഥാനിൽ മാതാപിതാക്കൾ അവരുടെ കമ്മ്യൂണിറ്റികളിൽ നിന്നോ കൂട്ടുകുടുംബത്തിൽ നിന്നോ ആണ് മക്കൾക്ക് വിവാഹ ബന്ധങ്ങൾ കണ്ടെത്തുന്നത്. എന്നാൽ പരമ്പരാഗത കല്യാണ ആചാരങ്ങളിൽ നിന്ന് മാറി ചിന്തിക്കുകയാണ് പാകിസ്ഥാൻ എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് 'മുസ്സ്' ആപ്പിൻ്റെ വിജയമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാകിസ്ഥാനിലെ ലാഹോറിലാണ് മുസ്സിൻ്റെ ആദ്യത്തെ മാട്രിമോണിയൽ ഇവൻ്റ് സംഘടിപ്പിച്ചത്. മറ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഈ ആപ്പ് മുസ്ലീം ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പാകിസ്ഥാൻ പരമ്പരാഗത സംസ്കാരങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് ആപ്പ് നിർമിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് പൂർണ സുരക്ഷയും ആപ്പ് ഉറപ്പാക്കുന്നു. ഇതിനെതിരെ വിമർശനങ്ങൾ ധാരാളം ഉണ്ടായെങ്കിലും ഇവൻ്റിൽ നൂറോളം പേർ പങ്കെടുത്തതായാണ് അധികൃതർ പറയുന്നത്.

2015 ൽ ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള ബ്രിട്ടനിലാണ് മുസ്സ് ആപ്പ് ആദ്യമായി പുറത്തിറക്കിയത്. മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്ഥാനിൽ നിലവിൽ മുസ്സിന് 1.5 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com