ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നടത്തിയിട്ടുണ്ട്; മറുപടി പറയേണ്ട കാര്യമില്ല: എം.വി ഗോവിന്ദന്‍

കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും മലപ്പുറം പരാമര്‍ശവുമായി എത്തിയിരിക്കുന്നു
ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നടത്തിയിട്ടുണ്ട്; മറുപടി പറയേണ്ട കാര്യമില്ല: എം.വി ഗോവിന്ദന്‍
Published on

ഗവര്‍ണര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചിട്ടും ഗവര്‍ണര്‍ മലപ്പുറം പരാമര്‍ശവുമായി എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് മറുപടി പറയേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നേരത്തേ നടത്തിയിട്ടുണ്ട്. വില കുറഞ്ഞ രീതിയാണ് അദ്ദേഹത്തിന്റേത്. കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും മലപ്പുറം പരാമര്‍ശവുമായി എത്തിയിരിക്കുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തം ഒരിക്കലും ഗവര്‍ണര്‍ക്ക് നിറവേറ്റാനയില്ല. ആ സ്ഥാനത്തിരിക്കുന്നത് എന്തിനെന്ന് ഗവര്‍ണര്‍ തന്നെ ചിന്തിക്കട്ടേയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ദ ഹിന്ദു പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം ഏറ്റുപിടിച്ച് ഗവര്‍ണറും രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളില്‍ എന്ത് രാജ്യദ്രോഹ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കാനാണ് ഗവര്‍ണറുടെ നീക്കം.


മറുപടി ലഭിച്ചാലും ഇല്ലെങ്കിലും രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. 20 ദിവസമായിട്ടും അയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. ഇതില്‍ നിന്ന് മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ടെന്നാണ് കരുതുന്നതെന്നും ഗവര്‍ണര്‍ നേരത്തെ ആരോപിച്ചിരുന്നു.

വിഷയത്തില്‍ ഹിന്ദു പത്രത്തിനെതിരെ എന്തുകൊണ്ട് മുഖ്യമന്ത്രി നടപടിയെടുത്തില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെയാണോ ഹിന്ദുവിനെയാണോ വിശ്വസിക്കേണ്ടതെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകര്‍ന്നു ഇനി ആര് മുഖ്യമന്ത്രിയെ വിശ്വസിക്കും. രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. സ്വര്‍ണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. നിഷേധിച്ചത് കൊണ്ട് കാര്യമില്ല. പിആര്‍ ഉണ്ടെന്ന് ഹിന്ദു പറഞ്ഞിട്ടും മുഖ്യമന്ത്രി നിഷേധിക്കുന്നു. എല്ലാ കാര്യങ്ങളും എന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.


ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഒളിക്കാന്‍ ഉണ്ടെന്ന ഗവര്‍ണറുടെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ദേശദ്രോഹ പരാമര്‍ശം താന്‍ നടത്തിയിട്ടില്ല. പത്രം തന്നെ ഇക്കാര്യം തിരുത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് ഉണ്ടെങ്കില്‍ തടയേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണ്. സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനുള്ള നീക്കം തെറ്റാണ്. കൂടുതല്‍ ചര്‍ച്ചയ്ക്ക് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com