വന്യജീവി ആക്രമണത്തിൽ ഇടപെടേണ്ടത് കേന്ദ്രസർക്കാർ; സംസ്ഥാനത്തിന് ഇടപെടാൻ കഴിയാത്ത സാഹചര്യം; എം.വി. ഗോവിന്ദൻ

ആവശ്യപ്പെട്ടതൊന്നും നൽകില്ലെന്ന ഉറച്ച സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
വന്യജീവി ആക്രമണത്തിൽ ഇടപെടേണ്ടത് കേന്ദ്രസർക്കാർ; സംസ്ഥാനത്തിന് ഇടപെടാൻ കഴിയാത്ത സാഹചര്യം; എം.വി. ഗോവിന്ദൻ
Published on


വന്യജീവി ആക്രമണത്തിൽ കേന്ദ്രസർക്കാരിനെ പഴിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് ഉത്കണ്ഠപ്പെടുത്തുന്ന രൂപത്തിൽ വന്യജീവി ആക്രമണം വർധിക്കുകയാണ്. കേന്ദ്രസർക്കാരാണ് വിഷയത്തിൽ ഇടപെടേണ്ടത്. സംസ്ഥാനത്തിന് ഒരുതരത്തിലും ഇടപെടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കേരളമെന്ന സംസ്ഥാനത്തെ തന്നെ മായ്ച്ചു കളയാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേന്ദ്ര ബജറ്റെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വന്യജീവി ശല്യം പരിഹരിക്കാൻ ഒരു ശ്രമവും ബജറ്റിലുണ്ടായില്ല. വയനാടിനെ കുറിച്ച് ഒരു പരാമർശം പോലും ഉണ്ടായില്ല. വയനാട് പുനരധിവാസത്തിന് കേന്ദ്രസർക്കാർ അനുവദിച്ച വായ്പ നടപടി വിചിത്രം. ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രചാരവേലയാണിതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. റെയിൽവേ വിഹിതത്തിൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ആവശ്യപ്പെട്ടതൊന്നും നൽകില്ലെന്ന ഉറച്ച സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പകുതിവില തട്ടിപ്പ് ബിജെപി, കോൺഗ്രസ് സംവിധാനത്തെ താഴെ തട്ട് വരെ ഉപയോഗിച്ചു. വലിയ കൊള്ളയാണ് ഇതിൽ നടന്നത്. ഉന്നതരായ നേതാക്കളും ഇതിന്റെ ഭാഗമായെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. നഴ്സിങ് കോളേജിലെ റാഗിങ്ങിലും അദ്ദേഹം പ്രതികരിച്ചു. കോളേജിലുണ്ടായ റാഗിങ് അതി ഭീകരവും മനുഷ്യ വിരുദ്ധവുമാണ്. ഇതിൽ എസ്എഫ്ഐയെ എങ്ങനെ കടന്നാക്രമിക്കാം എന്നാണ് നോക്കുന്നത്. എസ്എഫ്ഐയുടെ പോഷക സംഘടന എന്നത് കള്ള പ്രചാരണവേലയാണ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

എന്തുവന്നാലും എസ്എഫ്ഐയെ ആക്രമിക്കുന്നത് ആ സംഘടന കരുത്തുള്ളതായതു കൊണ്ടാണ്. സിദ്ധാർഥനെ എസ്എഫ്ഐക്കാർ കെട്ടിത്തൂക്കിയെന്നാണ് പ്രചരിപ്പിച്ചത്. സിബിഐ അന്വേഷണത്തിൽ എസ്എഫ്ഐ എന്ന ഒരു പേരു പോലുമില്ല. ശരിക്കും മാധ്യമങ്ങൾ മാപ്പ് പറയേണ്ടതാണ്. ഇതിൻ്റെ മറ്റൊരു പതിപ്പാണ് വാളയാർ അമ്മ. അവരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ധർമ്മടത്തു മത്സരിപ്പിച്ചു. സിബിഐ കണ്ടെത്തലിനെ കുറിച്ച് മാധ്യമങ്ങൾക്ക് ഇപ്പോൾ ഒരു മിണ്ടാട്ടവുമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ശശി തരൂർ ലേഖനം ചില പത്രങ്ങൾ തമസ്ക്കരിച്ചു. ഉള്ള വസ്തുതകൾ തുറന്നുകാണിക്കാൻ തരൂരിന് സാധിച്ചു. വ്യവസായ രംഗത്തെ മാറ്റം ആഘോഷിക്കപ്പെടേണ്ടതാണ് എന്നാണ് തരൂർ പറഞ്ഞു വെച്ചത്. ശശി തരൂരിനെ അഭിനന്ദിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിൻ്റേയും മഴവിൽ സഖ്യത്തിന്റേയും ധാരണയാണ് തരൂർ മാറ്റിയത്. പുതിയ കേരളത്തിൻ്റെ വളർച്ചയെ ലോകത്തിനു മുന്നിൽ തരൂർ അവതരിപ്പിച്ചു. വസ്തുതാപരമായി പറയുന്നതിനെ അംഗീകരിക്കാൻ കഴിയാത്ത ആളുകളാണ് യുഡിഎഫിൻ്റെ ഭാഗമായുള്ളതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഞങ്ങളാര് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കില്ല. രാഷ്ട്രീയമായി പറയുന്നതാണെന്ന് കരുതും. എന്നാൽ തരൂരിന് ഗഹനമായി പറയാനുള്ള കഴിവും ശേഷിയുമുണ്ട്. ഒരുമിച്ച് സമരം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ തയ്യാറാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. യുഡിഎഫുമായി ചേർന്ന് സമരം ചെയ്യാനും തയ്യാറാണ്. യുഡിഎഫ് എൽഡിഎഫ് എന്ന് നൽകേണ്ടതില്ല. കേന്ദ്രത്തിനെതിരെ മുഴുവൻ വിഭാഗങ്ങളെയും ചേർത്തുള്ള സമരമാണ് വേണ്ടത്. എന്ത് ചെയ്താലും കേരളത്തിലുള്ളവർ സഹിക്കുമെന്ന് പറയുന്നത് ശരിയായ സന്ദേശം അല്ലല്ലോ നൽകുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com