വരട്ടെ എല്ലാം നോക്കാം, ആരോപണങ്ങൾ പാർട്ടി പരിശോധിക്കും; അൻവറിനെ തള്ളാതെ എം.വി. ഗോവിന്ദൻ

കോട്ടയത്ത് ചേർന്ന പൊലീസ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്
വരട്ടെ എല്ലാം നോക്കാം, ആരോപണങ്ങൾ പാർട്ടി പരിശോധിക്കും; അൻവറിനെ തള്ളാതെ എം.വി. ഗോവിന്ദൻ
Published on

പിവി അൻവറിൻ്റെ വെളിപ്പെടുത്തൽ തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോപണങ്ങൾ പാർട്ടി ഗൗരവത്തോടെ എടുത്തിട്ടുണ്ട്. പാർട്ടിയും സർക്കാരും ആവശ്യമായ നടപടികൾ എടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

എഡിജിപിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ഉയർന്നു വരുന്ന ആരോപണങ്ങള്‍ ഉന്നത ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കട്ടേയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോട്ടയത്തെ പൊലീസ് അസോസിയേഷൻ സമ്മേളന പരിപാടിയില്‍ എഡിജിപിയെ വേദിയില്‍ ഇരുത്തിയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

ഒരാൾ‌ ചെയ്യുന്ന തെറ്റ് പൊലീസിനെ മൊത്തത്തിൽ ബാധിക്കുമെന്നും അത്തരക്കാരെ പൊലീസ് സേനയിൽ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള പുഴുക്കുത്തുകളെ കേരളത്തിൻ്റെ ജനകീയ സേനയിൽ നിന്നും ഒഴിവാക്കണം. കഴിഞ്ഞ 8 വർഷത്തിനിടെ ഇത്തരത്തിൽ പുറത്താക്കിയത് 108 ഉദ്യോ​ഗസ്ഥരെയാണ്. ഇനിയും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇന്നും എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ ഉന്നയിച്ചത്. എടവണ്ണ കൊലക്കേസ് അട്ടിമറിച്ചത് എഡിജിപിയാണെന്ന് അൻവർ ആരോപിച്ചു. യഥാർഥ്യത്തിൽ എടവണ്ണ കൊലക്കേസിലെ പ്രതി ഷാൻ നിരപരാധിയാണ്. സ്വർണക്കടത്തിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഷാൻ്റെ പക്കലുണ്ടായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുമെന്നും ഷാൻ പറഞ്ഞിരുന്നു. പിന്നാലെയാണ് ഷാൻ കൊല്ലപ്പെടുന്നതെന്നും അൻവർ പറഞ്ഞു. 

സ്വർണം കടത്തുന്നവരുടെ വിവരങ്ങൾ എസ്പി സുജിത് ദാസിന് ഗൾഫിൽ നിന്നും ലഭിക്കും. അജിത് കുമാറുമായി ബന്ധമില്ലാത്തവർ സ്വർണം കടത്തിയാൽ സുജിത് ദാസ് ഐപിഎസ് പിടികൂടും. ഡാൻസാഫ് സംഘം എല്ലാ കാര്യത്തിലും ഇടപെട്ടിരുന്നു. സോളാർ കേസിൽ സരിതയുമായി അജിത്കുമാറിന് അടുത്ത ബന്ധമുണ്ടെന്നും ഇന്ന് ചേർന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com