
തപാല്‍ വോട്ടുമായി ബന്ധപ്പെട്ട് ജി. സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പരാമര്‍ശത്തില്‍ സുധാകരനെതിരെ കേസെടുത്തത് സ്വാഭാവികമാണെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.
ജി. സുധാകരനെ പോലുള്ളവര്‍ പറയുമ്പോള്‍ ശ്രദ്ധിച്ചു പറയണം. സുധാകരന് നിയമ സഹായം നല്‍കുമോ എന്ന എന്ന ചോദ്യത്തിന് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും എന്തിനാണ് പാര്‍ട്ടിയുടെ പിന്തുണ എന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.
ഒരു തരത്തിലുള്ള അട്ടിമറി പ്രവര്‍ത്തനത്തിനും സിപിഐഎം ഇല്ല. അന്നുമില്ല, ഇന്നുമില്ല, നാളെയുമുണ്ടാകില്ല. സുധാകരന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പറഞ്ഞ കാര്യം അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്. അദ്ദേഹം തിരുത്തിയതോടെ ആദ്യം പറഞ്ഞത് ഇല്ലെന്നും രണ്ടാമത്തേത് മാത്രമാണ് അവശേഷിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കണ്ണൂര്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് ബോധപൂര്‍വമായ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ധീരജിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് അല്‍പം പോലും പശ്ചാതപിക്കുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് പ്രഖ്യാപിക്കുന്നത്. കേരളത്തെ കുരുതിക്കളമാക്കാനുള്ള ഗൂഢാലോചന ഇതിന്റെ ഭാഗമായുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന പ്രസ്താവനയില്‍ സിപിഐഎം നേതാവ് ജി. സുധാകരനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമലംഘനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ സംഘടിപ്പിച്ച 'സമരക്കരുത്തില്‍ ഓര്‍മത്തിരകള്‍ പൂര്‍വകാല നേതൃസംഗമം', എന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് തപാല്‍ വോട്ടുകള്‍ പൊട്ടിച്ചിട്ടുണ്ടെന്നായിരുന്നു സുധാകരന്‍ ആദ്യം പറഞ്ഞത്. കേസെടുത്താല്‍ പ്രശ്‌നമില്ലെന്നും സുധാകരന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ, കേസെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതോടെ, സുധാകരന്‍ പരാമര്‍ശം തിരുത്തി. ബാലറ്റ് പേപ്പര്‍ ഇന്നേവരെ തുറന്നു നോക്കിയിട്ടില്ലെന്നും, അത് തിരുത്തിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹം രണ്ടാമത് പറഞ്ഞത്. താന്‍ ഉദേശിച്ചത് അങ്ങനെ അല്ലെന്നും പറഞ്ഞ കൂട്ടത്തില്‍ ലേശം ഭാവന കൂട്ടി പറഞ്ഞതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.