ജുഡീഷ്യറിയുടെ ശേഷി മനസ്സിലായി; സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി സുപ്രധാനമെന്ന് എം.വി. ഗോവിന്ദന്‍

ജുഡീഷ്യറിയുടെ ശേഷി മനസ്സിലായി; സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി സുപ്രധാനമെന്ന് എം.വി. ഗോവിന്ദന്‍
Published on

ബില്ലുകള്‍ പാസാക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി സുപ്രധാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നിയമനിര്‍മാണത്തിന് അംഗീകാരം നല്‍കുന്ന വിധി ഇന്ത്യന്‍ ജുഡീഷ്യറി പുറപ്പെടുവിക്കുന്നത് ഇതാദ്യമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസ്റ്റ് കാവിവത്കരണത്തിനിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് സുപ്രീം കോടതി വിധി വ്യക്തമാക്കുന്നത്. ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കാതെ ബില്‍ നിയമമാകുന്ന അവസ്ഥയാണ്. സുപ്രീം കോടതി വിധിയോടെ ജുഡീഷ്യറിക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ശേഷിയുണ്ടെന്ന് വ്യക്തമായി.

ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ തിരുത്തപ്പെടുന്നു എന്നത് ശ്ലാഘനീയമാണ്. ഭരണഘടനയില്‍ പരിധി നിശ്ചയിക്കാത്തത് ഉപയോഗപ്പെടുത്താനുള്ള നീക്കത്തിന് എതിരെയാണ് സുപ്രീം കോടതി വിധിയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഹര്‍ജി നല്‍കാനുള്ള നീക്കങ്ങള്‍ ആഭ്യന്തര മന്ത്രാലയം തുടങ്ങി. കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന് മുന്നിലാകും പുനഃപരിശോധനാ ഹര്‍ജിയും നല്‍കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com