തൃശൂർ നാട്ടികയിലെ അപകടം: മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ

ഇത്തരം അപകടങ്ങൾ തടയാനുള്ള സ്പെഷ്യൽ ഡ്രൈവ് നേരത്തെ നടത്തിയിരുന്നു
തൃശൂർ നാട്ടികയിലെ അപകടം: മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ
Published on


തൃശൂര്‍ നാട്ടികയില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് തടി ലോറി കയറിയിറങ്ങി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു കഴിഞ്ഞുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു അറിയിച്ചു. വാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കാനും തീരുമാനമായതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഇത്തരം അപകടങ്ങൾ തടയാനുള്ള സ്പെഷ്യൽ ഡ്രൈവ് നേരത്തെ നടത്തിയിരുന്നു. ഈ ഡ്രൈവ് ഒരാഴ്ച കൂടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് പുലർച്ചെയാണ്. തൃശൂർ നാട്ടികയിലും അപകടം നടന്നത് പുലർച്ചെയാണ്. ഡ്രൈവർ ക്ലീനറെ വാഹനം ഓടിക്കാൻ ഏൽപ്പിച്ചത് തെറ്റാണ്. മാത്രമല്ല രണ്ടുപേരും മദ്യപിച്ചിരുന്നു. സിഗ്നൽ ബോർഡ് തകർത്തിട്ടാണ് അപകടം ഉണ്ടാക്കിയതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു പറഞ്ഞു.

നാട്ടിക വാഹനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് വീടുകളിൽ എത്താൻ പ്രത്യേക കെഎസ്ആർടിസി ബസ് സജ്ജീകരിച്ചിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിലുള്ള ബന്ധുക്കൾക്ക് പോകുന്നതിനു വേണ്ടിയാണ് ബസ് സജ്ജീകരിച്ചത്. അഞ്ച് ആംബുലൻസുകൾക്ക് പുറമെയാണ് തൃശ്ശൂർ ജില്ലാ കളക്ടർ ഇടപെട്ട് ബസ് സജ്ജീകരിച്ചത്

അതേസമയം, അപകടം ഉണ്ടാക്കിയ ലോറിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. ലോറിയുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചിട്ടുണ്ട്. ഡ്രൈവറുടേയും ക്ലീനറുടേയും ലൈസൻസും റദ്ദാക്കും. ഇരുവരും യാത്രയുടെ തുടക്കം മുതൽ മദ്യപിച്ചിരുന്നുവെന്ന പ്രാഥമിക റിപ്പോർട്ട് ലഭിച്ചതോടെയാണ് നടപടി. നടന്നത് കരുതി കൂട്ടിയുള്ള തെറ്റാണ്. അപകടമുണ്ടായ ശേഷം രക്ഷപ്പെടാനാണ് ഡ്രൈവറും ക്ലീനറും ശ്രമിച്ചത്. നാട്ടുകാരാണ് തടഞ്ഞുനിർത്തിയതെന്നും മന്ത്രി പറഞ്ഞു.

ഇന്ന് പുലർച്ചെ നാലിനാണ് തൃശൂർ നാട്ടികയിൽ ഉറങ്ങി കിടന്ന അഞ്ച് പേരുടെ ദേഹത്ത് തടി ലോറി കയറിയിറങ്ങി അപകടമുണ്ടാകുന്നത്. കണ്ണൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. റോഡിൽ ഉറങ്ങിക്കിടന്നിരുന്ന അഞ്ചുപേരും തത്ക്ഷണം മരിക്കുകയായിരുന്നു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. നാടോടി സംഘമാണ് അപകടത്തിൽ പെട്ടത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (1 വയസ്) എന്നിവരാണ് മരിച്ചത്.

11 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഗോവിന്ദാപുരം സ്വദേശികളായ ചിത്ര, ദേവേന്ദ്രന്‍, ജാന്‍സി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ശിവാനി വിജയ് രമേശ് എന്നിവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com