
കൊച്ചി: നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിങ്ങില്‍ സ്വമേധയ കേസെടുക്കുമെന്നു ഹൈക്കോടതി. പൊതുസ്ഥലത്ത് ഉണ്ടാകാന്‍ പോലും പാടില്ലാത്ത വാഹനം ഓടിക്കുന്നത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. അതിനിടെ, ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു.
വാര്‍ത്താ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ആകാശ് തില്ലങ്കേരിയുടേതടക്കം നിയമലംഘനങ്ങളില്‍ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണു വാഹനം ഓടിക്കുന്നത് എന്നാണു മനസ്സിലാക്കുന്നതെന്ന് ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് ഉണ്ടാകാന്‍പോലും പാടില്ലാത്ത വാഹനമാണിത്. കര്‍ശന നടപടി ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
ജീപ്പിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. രൂപമാറ്റം അടക്കമുള്ള നിയമലംഘനങ്ങള്‍ക്കു നേരത്തെ മൂന്ന് തവണ വാഹനത്തിനെതിരെ കേസെടുത്തിരുന്നു. വീണ്ടും നിയമം ലംഘിച്ചതോടെയാണ് ആര്‍സി സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കം. വയനാട് ജില്ലയിലെ പനമരത്ത് കഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരി ജീപ്പ് യാത്ര നടത്തിയത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. യാത്രയുടെ വിഡിയോ ആകാശ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വിവാദം ഉയര്‍ന്നത്.