തന്‍റെ എല്ലാ സുരക്ഷാ വാഹനങ്ങളും പിൻവലിച്ചു, ഇതിന് പിന്നില്‍ ഗൂഢാലോചന: ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെ ചംപയ് സോറന്‍

തൻ്റെ മൂല്യങ്ങളോട് താൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു
തന്‍റെ എല്ലാ സുരക്ഷാ വാഹനങ്ങളും പിൻവലിച്ചു, ഇതിന് പിന്നില്‍ ഗൂഢാലോചന: ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെ ചംപയ് സോറന്‍
Published on

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍. തനിക്ക് നൽകിയിട്ടുള്ള എല്ലാ സുരക്ഷാ വാഹനങ്ങളും പിൻവലിച്ച് തൻ്റെ ജീവൻ അപകടത്തിലാക്കാന്‍ ഹേമന്ത് സോറന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ചംപയ് സോറന്‍റെ വിമര്‍ശനം. തൻ്റെ സുരക്ഷാ വാഹനങ്ങൾ പിൻവലിച്ചത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ചംപയ് സോറന്‍ ആരോപിച്ചു. കഴിഞ്ഞ മാസമാണ് ചംപയ് സോറന്‍ ബിജെപിയിലേക്ക് ചേക്കേറിയത്.

എന്നാല്‍, മുന്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങളെ സംസ്ഥാന പൊലീസ് വിഭാഗം തള്ളിക്കളഞ്ഞു. 63 പൊലീസുകാരും അഞ്ച് വാഹനങ്ങളും ഇപ്പോഴും ചംപയ് സോറന്‍റെ സംരക്ഷണത്തിനായി നിലനില്‍ക്കുന്നുവെന്നും സേന അറിയിച്ചു. "രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി, എന്‍റെ ജീവന്‍ ഇപ്പോള്‍ അപകടത്തിലാണ്. ജാര്‍ഖണ്ഡ് സർക്കാർ എനിക്ക് നൽകിയ എല്ലാ സുരക്ഷാ വാഹനങ്ങളും പിൻവലിച്ചു. ഈ നീക്കത്തെ ഞാൻ ഭയപ്പെടുന്നില്ല. ജാർഖണ്ഡിലെ ജനങ്ങൾ എനിക്ക് സുരക്ഷ നൽകും." ചംപയ് സോറന്‍ പറഞ്ഞു.


തൻ്റെ മൂല്യങ്ങളോട് താൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ജാർഖണ്ഡിലെ രാഷ്ട്രീയ നേതാക്കളെ ബി.ജെ.പി 'വാങ്ങി' എന്ന മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, "ആർക്കും എന്നെ വാങ്ങാൻ സാധിക്കില്ല. ജെഎംഎം വിടുന്നതിന് പിന്നിലെ സാഹചര്യങ്ങൾ ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്" എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ജെഎംഎം തന്നെ അപമാനിച്ചെന്നും അനാദരിച്ചുവെന്നും ആരോപിച്ചാണ് ചംപയ് സോറൻ ബിജെപിയിൽ ചേർന്നത്.


എന്നാല്‍, എല്ലാ സുരക്ഷാ വാഹനങ്ങളും പിൻവലിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ചംപയ് സോറന്‍റെ പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ കാർകേഡിൻ്റെ ഭാഗമായതിനാൽ നാല് വാഹനങ്ങളെ തിരിച്ചുവിളിച്ചെന്നും നിയമപരമായി അവ മറ്റെവിടെയും ഉപയോഗിക്കാന്‍ പാടില്ലെന്നും മറ്റൊരു പ്രസ്താവനയിലൂടെ സംസ്ഥാന പൊലീസ് അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com