ഗുജറാത്തിൽ അജ്ഞാത രോഗം പടരുന്നു; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്

ഗുജറാത്തിൽ അജ്ഞാത രോഗം പടരുന്നു; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്
Published on



ഗുജറാത്തിലെ കച്ച് ജില്ലയിൽ അജ്ഞാത രോഗം പടർന്നുപിടിക്കുന്നു. പനിയും ശ്വാസതടസ്സവുമാണ് രോഗലക്ഷണം.  കുട്ടികളടക്കം 15 പേരാണ് ഇതിനോടകം രോഗം ബാധിച്ച് മരിച്ചത്. രോഗത്തിൻ്റെ കാരണവും ഉറവിടവും ഇനിയും അറിവായിട്ടില്ല.

കച്ച് ജില്ലയിൽ പാക് അതിർത്തിയിലുള്ള ലഖ്‌പത്, അബ്ദസ താലൂക്കുകളിലാണ് അജ്ഞാത രോഗം പടർന്ന് പിടിച്ചിരിക്കുന്നത്. പനി, ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഇതുവരെ രോഗം ബാധിച്ച് കുട്ടികളക്കം 15 പേർ മരിച്ചു. ശ്വാസകോശ അണുബാധയായ ന്യൂമോണൈറ്റിസാണ് മരണകാരണമെന്ന് പ്രദേശത്തെ ആരോഗ്യ അധികൃതർ പറയുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

രോഗത്തിൻ്റെ കാരണമോ ഉറവിടമോ കണ്ടെത്താൻ കഴിയാത്തത് അധികൃതർക്ക് വെല്ലുവിളിയാകുന്നുണ്ട്. രോഗം ബാധിച്ച് മരിച്ച 11 പേരുടെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചതായി ജില്ലാ കളക്ടർ അമിത് അറോറ അറിയിച്ചു. നിലവിൽ പടരുന്ന രോഗം, എച്ച്1എൻ1, മലേറിയ, ഡങ്കിപ്പനി, പന്നിപ്പനി എന്നിവയല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്താൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലഖ്പത് മേഖലയിൽ 22 നിരീക്ഷണ സംഘങ്ങളെയും കൂടുതൽ ഡോക്ടർമാരെയും വിന്യസിച്ചു. താമസക്കാരിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാനും മെഡിക്കൽ സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സേവനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും കച്ച് കളക്ടർ അമിത് അറോറ പറഞ്ഞു.


സനാന്ദ്രോ, മോർഗർ, ഭരവന്ദ് ഗ്രാമങ്ങളിൽ സെപ്റ്റംബർ മൂന്നിനും ഒമ്പതിനും ഇടയിൽ, 5 മുതല്‍ 50 വയസുവരെ പ്രായമുള്ള 12 പേരാണ് പനി ബാധിച്ച് മരിച്ചതായി കണക്കാക്കപ്പെടുന്നത്. പനി ബാധിച്ചവരെ നേരത്തെ ലഖ്പത് താലൂക്കിലെ വെർമാനഗർ ടൗണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ദയാപൂർ സി.എച്ച്.സി.യിലും ഒടുവിൽ ഭുജ് ജനറൽ ആശുപത്രിയിലും എത്തിച്ചുവെങ്കിലും പനി ഭേദമാകാതെ അവർ മരിക്കുകയാണ് ഉണ്ടായത്.

അടുത്തിടെ മേഖലയിൽ കനത്ത മഴ പെയ്യുകയും വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തിരുന്നു. ഈ സീസണിൽ ഗുജറാത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതും കച്ച് ജില്ലയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com