മണിപ്പൂർ കലാപം യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങുന്നോ? അടിയന്തര യോഗം ചേർന്ന് എൻ. ബിരേൻ സിങ്

അടിയന്തിരമായി നടപടിയെടുത്തില്ലെങ്കിൽ സ്ഥിതിഗതികൾ വഷളാകുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
മണിപ്പൂർ കലാപം യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങുന്നോ? അടിയന്തര യോഗം ചേർന്ന് എൻ. ബിരേൻ സിങ്
Published on


മണിപ്പൂരിലെ വംശീയ സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് സൂചന. അടിയന്തരമായി നടപടിയെടുത്തില്ലെങ്കിൽ സ്ഥിതിഗതികൾ വഷളാകുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കലാപം രൂക്ഷമാകുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ഭരണകക്ഷി എംഎൽഎമാരുടെ അടിയന്തരയോഗം വിളിച്ചുചേർത്തിരിക്കുകയാണ്. 

മണിപ്പൂരിലെ കലാപം ദിനം പ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വയം പ്രതിരോധിക്കാൻ രാഷ്ട്രീയക്കാരും നിർബന്ധിതരായിരിക്കുന്നു. വീടിന് മുൻപിൽ ബങ്കറുകൾ നിർമിച്ചാണ് മന്ത്രിമാരുൾപ്പെടെയുള്ളവർ സ്വയംരക്ഷ തീർക്കുന്നത്. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ഉൾപ്പെടെ 17 എംഎൽഎമാരുടെ വീടുകളാണ് പ്രതിഷേധക്കാർ ഇതിനോടകം ആക്രമിച്ചത്. ഇന്നലെ രാത്രി മുഴുവനും ആൾക്കൂട്ട ആക്രമണങ്ങളും തീവെപ്പും തുടർന്നു. പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കൊന്തൗജത്തിന്റെയടക്കം 13 ബിജെപി, കോൺഗ്രസ് എംഎൽഎമാരുടെ വീടുകൾ തകർക്കപ്പെട്ടെന്നും പൊലീസ് പറയുന്നു.

മെയ്തി, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ 2023 മെയ് മുതല്‍ ആരംഭിച്ചിരുന്നെങ്കിലും, കഴിഞ്ഞ ദിവസം ഇംഫാല്‍ താഴ്‌വരയില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ മണിപ്പൂരിലെ സമാധാനനില തകിടം മറിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുഴുവനും ആൾക്കൂട്ട ആക്രമണങ്ങളും തീവെപ്പും തുടർന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന വെടിയുതിർത്തതോടെ പ്രതിഷേധക്കാരിൽ ഒരാൾ ഇന്നലെ കൊല്ലപ്പെട്ടു.

ഇതിനിടെ സംഘർഷത്തിൽ പ്രതിഷേധിച്ച് ജിരിബാമിൽ എട്ട് പ്രധാന ബിജെപി നേതാക്കൾ രാജിവെച്ചു. കലാപം അവസാനിപ്പിക്കാൻ കഴിയാത്തത് ബിരേൻ സിങ് സർക്കാരിൻ്റെ പിടിപ്പുക്കേടെന്ന് രാജിക്കത്തിൽ നേതാക്കൾ ആരോപിക്കുന്നു.

കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍. ബിരേന്‍ സിങ് നയിക്കുന്ന സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ സംസ്ഥാന രാഷ്ട്രീയം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു പിന്തുണ പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സഖ്യകക്ഷി എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നത്. ഇംഫാലിൽ വൈകിട്ട് 6 മണിക്കാണ് യോഗം. ബിജെപി എംഎൽഎമാർക്ക് പുറമെ സഖ്യകക്ഷികളായ എൻപിഎഫ്, ജെഡിയു തുടങ്ങിയ പാർട്ടികളുടെ എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും.

അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളിൽ മൂന്നെണ്ണത്തിൻ്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഞായറാഴ്ച മണിപ്പൂരിലെ സാഹചര്യം വിലയിരുത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ഇന്ന് ചേർന്നിരുന്നു. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്ക തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. സാഹചര്യം അതിസങ്കീർണമായതോടെ ഇംഫാലിന്റെ വിവിധ ഭാഗങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com