
നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഏഴ് പ്രതികൾക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഇവരിൽ ആറു പേർ വിദേശത്തും ഒരാൾ ചെന്നൈയിലും ആണെന്നാണ് വിവരം. കേസിൽ വിചാരണ കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഈ മാസം 15ന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്തു വിചാരണ കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദാപുരം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
മുസ്ലീം ലീഗ് പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. ഈ മാസം 15ന് ഇവരെ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. അന്ന് പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിക്കും.
എരഞ്ഞിപ്പാലത്തെ സ്പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള മൂന്ന് ഹർജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. 2015 ജനുവരി 22നായിരുന്നു സംഘം ചേർന്നെത്തിയ പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
കേസില്‍ തെയ്യംപാടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍ എന്നീ മുസ്ലിം ലീഗ് പ്രവര്‍ത്തകരും പ്രതികളായിരുന്നു. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു.
പ്രോസിക്യൂഷൻ, ഷിബിൻ്റെ പിതാവ് ഭാസ്ക്കരൻ, ആക്രമണത്തിൽ പരുക്കേറ്റവർ എന്നിവരാണ് പ്രതികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചത്. തെളിവുകൾ പരിശോധിക്കാതെയും പരിഗണിക്കാതെയും ഉള്ളതാണ് വിചാരണക്കോടതിയുടെ ഉത്തരവ് എന്നാണ് ഹർജിക്കാർ വാദമുന്നയിച്ചത്.
ഷിബിൻ്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയായ ലീഗ് പ്രവർത്തകൻ കാളിയറമ്പത്ത് അസ്‌ലമിനെ (20) 2016 ഓഗസ്റ്റ് 12ന് വൈകിട്ട് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിക്കാന്‍ പോകവേ ഇന്നോവയിലെത്തിയ അക്രമി സംഘമാണ് അസ്‌ലമിനെ വെട്ടിയത്.