
ഹേമാകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടികള്‍ക്കൊരുങ്ങി തമിഴ് സിനിമ താരസംഘടനയായ നടികര്‍ സംഘം. വനിത അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കും. തമിഴ് സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും നിയമസഹായം നൽകാനും കമ്മിറ്റിയെ ചുമതലപ്പെടുത്തും. ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ മെയിലും ഫോണ്‍ നമ്പറും ഇതിനായി ഏര്‍പ്പെടുത്തും.
പരാതികൾ പരിശോധിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ അഞ്ച് വര്‍ഷത്തേക്ക് വിലക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയോട് ശുപാര്‍ശ ചെയ്യാനും ഇന്ന് ചേര്‍ന്ന നടികര്‍ സംഘം യോഗത്തില്‍ തീരുമാനിച്ചു.
ലൈംഗികാരോപണത്തിന് വിധേയരായവർക്ക് ആദ്യം മുന്നറിയിപ്പ് നൽകുമെന്നും തുടർന്ന് നടപടിയെടുക്കുമെന്നും ഇരകളോട് ഈ സമിതി മുഖേന പരാതി നൽകണമെന്നും മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. സമിതിയുടെ പ്രവർത്തനങ്ങൾ തെന്നിന്ത്യൻ അഭിനേതാക്കളുടെ സംഘടന നേരിട്ട് നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ കൂടുതല്‍ പേര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടിമാര്‍ അടക്കം രംഗത്തുവന്നതിന് പിന്നാലെയാണ് തമിഴ് സിനിമയിലും ശക്തമായ നടപടികള്‍ക്ക് കളമൊരുങ്ങുന്നത്. ഹേമ കമ്മിറ്റി അന്വേഷണം നടത്തിയത് പോലെ തമിഴിലും അന്വേഷണം വേണമെന്ന് നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാല്‍ ആവശ്യപ്പെട്ടിരുന്നു.