
ബീഫ് കഴിക്കുന്ന സംസ്ഥാനമായ നാഗാലാൻഡിൽ ഗോ മഹാസഭ നടത്താൻ അനുമതി നിഷേധിച്ച് ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനമുള്ള സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി നെയ്‌ഫിയു റിയോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. ഭക്ഷണ സംസ്കാരത്തിൽ ഇടപെടാനാവില്ലെന്നും ക്രമസമാധാനം നിലനിർത്താനുമാണ് തീരുമാനമെന്ന് മന്ത്രിസഭ.
"ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള നാഗാലാൻഡിൽ ഭൂരിഭാഗം ജനങ്ങളും ബീഫ് കഴിക്കുന്നവരാണ്. അവരുടെ സംസ്കാരത്തിൻ്റെ ഭാഗമാണ് ബീഫ് കഴിക്കുന്നത്. അതിൽ ഇടപെടാനാവില്ല," നാഗാ ബിജെപി നേതാക്കളുടെ വാക്കുകളാണിത്. രാജ്യവ്യാപകമായി ബിജെപി പശുരക്ഷയുടെ പേരിൽ ബീഫ് കഴിക്കുന്നതിനെ എതിർക്കുന്നതിനിടെ ആണ് നാഗാലാൻഡിലെ ഈ നിലപാട്.
ഉത്തരാഖണ്ഡ് ജ്യോതിഷ് പീഠ് ശങ്കരാചാര്യയുടെ നേതൃത്വത്തിൽ നടത്തുന്ന പശുസംരക്ഷണ യാത്രയുടെ ഭാഗമായി സെപ്റ്റംബർ 28ന് കൊഹിമയിൽ സംഘടിപ്പിക്കാനിരുന്ന ഗോ മഹാസഭയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു. യോഗത്തിൽ സംസ്ഥാനത്തെ വിവിധ സാമൂഹിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഉന്നയിച്ച എതിർപ്പുകൾ പരിഗണിച്ചാണ് തീരുമാനം.
ബിജെപി പിന്തുണയിലുള്ള സർക്കാരാണ് നാഗാലാൻഡിലേത്. ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനമടക്കമുണ്ട്. ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി, സഖ്യകക്ഷികളായ ബിജെപി, നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഗാ മദേഴ്‌സ് അസോസിയേഷൻ, നാഗ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ തുടങ്ങിയവരാണ് പരിപാടിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ചത്.
ക്രമസമാധാനം നിലനിർത്തലാണ് പ്രധാനമെന്ന് ഗോരക്ഷാ പരിപാടിക്ക് അനുമതി നിഷേധിച്ചുകൊണ്ട് മന്ത്രി സി.എൽ. ജോൺ പറഞ്ഞു. നാഗന്മാരുടെ മതപരവും സാമൂഹികവുമായ ആചാരങ്ങൾക്കും നാഗാ രീതികൾക്കും സംരക്ഷണം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.
നാഗാലാൻഡിൻ്റെ സാമൂഹിക, മത സാംസ്കാരിക ഘടനയുടെ പശ്ചാത്തലത്തിൽ വിഷയം പരിഗണിക്കാനാവില്ലെന്ന് സംസ്ഥാന ബിജെപി പ്രസിഡൻ്റ് ബെഞ്ചമിൻ യെപ്തോമിയും വ്യക്തമാക്കി. ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാനടക്കം വിവിധ സംസ്ഥാനങ്ങളിൽ ബിജെപി പിന്തുണയ്ക്കുന്ന തീവ്ര ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ബീഫ് വിരുദ്ധ അതിക്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ നാഗാ നിലപാടെന്നതാണ് ശ്രദ്ധേയം.