
ആലപ്പുഴയിൽ റൂട്ട് കനാൽ ചെയ്ത പെൺകുട്ടിയുടെ വായിൽ സൂചി കുടുങ്ങിയതായി പരാതി. ആലപ്പുഴ പുറക്കാട് സ്വദേശിനിയായ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ വായിലാണ് സൂചി കുടുങ്ങിയത്. ആലപ്പുഴ ദന്തൽ കോളേജിലായിരുന്നു റൂട്ട് കനാൽ ചെയ്തത്. പിന്നീട് തോട്ടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ് റേ പരിശോധനയിൽ വായിൽ സൂചി കണ്ടെത്തുകയായിരുന്നു.
ആലപ്പുഴ ദന്തൽ കോളേജിൽ നിന്നും റൂട്ട് കനാൽ ചെയ്ത വിദ്യാർഥിനിക്ക് കലശലായ പല്ലുവേദന അനുഭവപ്പെട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷം ശമനമുണ്ടായെങ്കിലും പിന്നാലെ വീണ്ടും വേദന അസഹനീയമായി. ഇതിനെ തുടർന്നാണ് പെൺകുട്ടിയെ തോട്ടപ്പള്ളിയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കുട്ടിയുടെ വായിൽ സൂചിയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരുടെ അനാസ്ഥക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.