
മയക്കുമരുന്ന് ലഹരിയിൽ ആളുകൾ പലതരത്തിലുള്ള പ്രവർത്തികൾ ചെയ്യാറുണ്ട്. തമാശകൾ മുതൽ കൊടും ക്രൂരകൃത്യങ്ങൾവരെ ഇക്കൂട്ടത്തിൽ പെടും. മയക്കുമരുന്നിൻ്റെ ലഹരി ഇറങ്ങി സ്വബോധത്തിലേക്കെത്തി നോക്കുമ്പോഴാകും ചെയ്ത പ്രവർത്തികക്ഷ പലതും നികത്താനാകാത്ത നഷ്ടങ്ങളാണ് വരുത്തി വച്ചതെന്ന് മനസിലാക്കുക. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ യുകെയിൽ നിന്നും പുറത്തുവരുന്നത്.
സ്റ്റാഫോർഡ്ഷെയറിൽ ഹാരിസൺ എന്ന 71 കാരനാണ് ലഹരികയറി തീക്കളി നടത്തിയത്. അബോധാവസ്ഥയിൽ സ്വന്തം വീടിന് തന്നെയാണ് ഇയാൾ തീവച്ചത്.ലഹരി ഉപയോഗത്തിന് പിന്നാലെ വീട്ടിലെ സാധനങ്ങളെല്ലാം തല്ലി തകര്‍ത്ത ഇയാൾ, നിലവിളിച്ച് കൊണ്ട് നഗ്നനായി തെരുവിലേക്ക് ഇറങ്ങി. പിന്നാലെ അയല്‍ക്കാരുടെ വീടുകളില്‍ അതിക്രമിച്ച് കയറി വാതില്‍ മുട്ടി വിളിക്കുകയും അവിടെയുണ്ടായിരുന്ന സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു.
എന്നിട്ടും കലിയടങ്ങാതെ ഇയാൾ സ്വന്തം വീട്ടിലെത്തിയ എത്തുകയും വീടിന് തീ ഇടുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകൾ .തീപിടുത്തത്തിൽ വീടിന്‍റെ സ്വീകരണമുറി, കിടപ്പുമുറി, ഇടനാഴി എന്നിവ പൂർണ്ണമായും കത്തിനശിച്ചു. വീട് ഇനി ഉപയോഗയോഗ്യമാക്കാൻ ഏകദേശം 1,00,000 പൗണ്ട് (ഏകദേശം 1.1 കോടി രൂപ) ചെലവഴിക്കേണ്ടതായി വരും. അക്രമം നടത്തുന്ന സമയത്ത് ഇയാളുടെ വളർത്തുനായയും ഒപ്പമുണ്ടായിരുന്നു. ശല്യം രൂക്ഷമായതോടെ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി ഹാരിസിനെ അറസ്റ്റുചെയ്തു.വൈദ്യ പരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. 'മങ്കി ഡസ്റ്റ്' എന്നും 'എംഡിപിവി' എന്നും അറിയപ്പെടുന്ന സിന്തറ്റിക് സൈക്കോ ആക്ടീവ് ലഹരിയാണ് ഇയാൾ ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു.ജീവൻ അപകടപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ തീവയ്പ്പ് നടത്തിയതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും നാലര വർഷത്തെ തടവാണ് ഇയാൾക്ക് ശിക്ഷയായി ലഭിക്കുക. ഇതിനുമുൻപും നിരവധി കേസുകളിൽ ഹാരിസ് പ്രതിയായിരുന്നു. 53 കുറ്റങ്ങളിലായി 23 തവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.