
ഒറ്റപ്പാലം മനിശ്ശേരിയിലെ നാണിമുത്തശ്ശിക്ക് പ്രായം 105 ആയെങ്കിലും, ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾക്ക് നിറം ഇനിയും മങ്ങിയിട്ടില്ല. അനുഭവങ്ങളുടെ ഉൾക്കരുത്തുള്ള നാണിമുത്തശ്ശി, . ഇന്നെന്ത് ഓണം എന്ന ഭൂതക്കാലകുളിരുമായി നടക്കുന്നവരോട് മുത്തശ്ശി അന്നത്തെയല്ല ഇന്നത്തെ ഓണം തന്നെയാണ് നല്ലതെന്ന് തിരുത്തി കൊടുക്കും.
ഒറ്റപ്പാലം പനമണ്ണ സ്വദേശിയാണ് നാണിമുത്തശ്ശി. ചെത്ത് തൊഴിലാളിയായ ഗോപാലൻ്റെ ജീവിത പങ്കാളിയായാണ് മനിശ്ശേരി കരിങ്കുഴിയിൽ എത്തിയത്. പത്ത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും ഏഴു കുഞ്ഞുങ്ങളും ഭർത്താവ് ഗോപാലനും മരിച്ചു. പിന്നെ മൂന്ന് മക്കളുമായി ജീവിത പോരാട്ടം തുടർന്നുവെന്നുമുള്ള അനുഭവം നാണി മുത്തശ്ശി പങ്കുവെച്ചു.
കർഷക തൊഴിലാളിയായിരുന്നപ്പോൾ പണിക്ക് കൂലിയായി നെല്ലാണ് കിട്ടിയിരുന്നത്. ഓണക്കാലത്ത് കുറച്ച് കൂടുതൽ നെല്ല് കിട്ടിയിരുന്നെന്നും നാണിമുത്തശ്ശി പറഞ്ഞു. ഓണത്തിന് മക്കളെല്ലാം ഒത്തുചേരാറുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ഓണവും നാണിമുത്തശ്ശിയ്ക്ക് പ്രിയപ്പെട്ടതാണ്.