"കഴിഞ്ഞ 10 വർഷമായി ഡൽഹിയെ ഒരു ദുരന്തം പിടികൂടിയിരിക്കുന്നു"; എഎപിയെ കടന്നാക്രമിച്ച് മോദി

ഡൽഹി സർവകലാശാലയുടെ കീഴിലുള്ള മൂന്ന് കോളേജുകളുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി
"കഴിഞ്ഞ 10 വർഷമായി ഡൽഹിയെ ഒരു ദുരന്തം പിടികൂടിയിരിക്കുന്നു"; എഎപിയെ കടന്നാക്രമിച്ച് മോദി
Published on

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആംആദ്മി പാർട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 10 വർഷമായി ഡൽഹിയെ ഒരു ദുരന്തം പിടികൂടിയിരിക്കുന്നെന്നായിരുന്നു മോദിയുടെ പ്രസ്താവന.എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ ജനങ്ങള്‍ക്കായി ഒന്നുചെയ്തില്ലെന്നും സ്വന്തമായി കിടപ്പാടം നിർമിച്ചുവെന്നും മോദി ആരോപിച്ചു. ഡൽഹി സർവകലാശാലയുടെ കീഴിലുള്ള മൂന്ന് കോളേജുകളുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

ഡൽഹിയിൽ ബിജെപിയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞ്, എഎപിക്കെതിരെ കടുത്ത വിമർശനമുയർത്തിക്കൊണ്ടായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. ഡൽഹിയിൽ സൗജന്യ വൈദ്യുതി നൽകുന്നത് ബിജെപിയാണ്. പാവപ്പെട്ടവർക്കായി നാല് കോടിയിലധികം വീടുകളാണ് കേന്ദ്രം നിർമിച്ച് നല്‍കിയത്. എഎപി ഭരണത്തിലിരിക്കെ അരവിന്ദ് കെജ്‌രിവാൾ സ്വന്തമായി വീട് നിർമിച്ചെന്ന് പറഞ്ഞ മോദി, ബിജെപി വീട് നിർമിച്ചത് സ്വന്തം ആവശ്യങ്ങള്‍ക്കായല്ല ജനങ്ങള്‍ക്ക് വേണ്ടിയെന്നും പ്രസംഗിച്ചു.

ചേരിയില്‍ കഴിയുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ വീട് വെച്ച് നല്‍കുമെന്ന വാഗ്ദാനവും മോദി നടത്തി. വിക്ഷിത് ഭാരതിൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നഗരങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും. ഡല്‍ഹി നഗരം വികസിക്കുമെന്നും, 'വികസിത ഇന്ത്യയിൽ' രാജ്യത്തെ എല്ലാ പൗരന്മാർക്കും സുസ്ഥിരമായ കിടപ്പാടം ഉണ്ടാകുമെന്നും മോദി വാഗ്ദാനം ചെയ്തു.

വീർ സവർക്കറിന്റെയും സുഷമ സ്വരാജിന്റെയും പേരിലുള്ള കോളേജുകൾക്ക് തറക്കല്ലിടാനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി അശോക് വിഹാറിൽ പുതുതായി നിർമിച്ച 1675 ഫ്ലാറ്റുകൾ ഉദ്ഘാടനം ചെയ്യാനായുമാണ് മോദി ഡൽഹിയിലെത്തിയത്.

നജഫ്ഗഢിലെ വെസ്റ്റ് ഡൽഹി കാമ്പസിൽ വീർ സവർക്കർ കോളേജും ഫത്തേപൂർ ബേരിയിലെ ഈസ്റ്റ് ഡൽഹി കാമ്പസിൽ സുഷമ സ്വരാജിന്റെ പേരിലുള്ള പെൺകുട്ടികളുടെ കോളേജിനുമാണ് മോദി തറക്കല്ലിട്ടത്. സർവകലാശാലയിൽ പുതിയ കോഴ്സുകളും വിപുലീകരണ പദ്ധതികളും നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ പദ്ധതി. ഡൽഹിയുടെ വികസനത്തിൻ്റെ സുപ്രധാന ദിവസമാണ് ഇന്നെന്നായിരുന്നു പ്രധാനമന്ത്രി മോദി തൻ്റെ എക്‌സ് ഹാൻഡിലിൽ കുറിച്ചത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com