
ബ്രൂണെ, സിംഗപ്പൂർ രാജ്യങ്ങളിലേക്ക് നടത്തിയ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളുമായുള്ള ബന്ധം, പങ്കാളിത്തം ഇവ ശക്തിപ്പെടുത്തുക, ഇന്ത്യയിലേക്കുള്ള നിക്ഷേപം ആകർഷിക്കുക എന്നിവയായിരുന്നു മോദിയുടെ സന്ദർശനത്തിന് പിന്നിലെ ഉദ്ദേശ്യം.
"വിജയകരമായ സന്ദർശനം അവസാനിച്ചു! സിംഗപ്പൂർ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹിയിലേക്ക് വിമാനം കയറുന്നു," വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് രൺധീർ ജസ്‌വാൾ എക്‌സിൽ കുറിച്ചു.
തൻ്റെ സിംഗപ്പൂർ സന്ദർശനം വളരെ ഫലപ്രദമായിരുന്നുവെന്നായിരുന്നു മോദിയുടെ എക്സ് പോസ്റ്റ്. "ഈ കൂടികാഴ്ച തീർച്ചയായും ഉഭയകക്ഷി ബന്ധങ്ങൾക്ക് ഊർജം പകരുകയും നമ്മുടെ രാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രയോജനം നൽകുകയും ചെയ്യും. സിംഗപ്പൂരിലെ സർക്കാരിനും ജനങ്ങൾക്കും അവരുടെ ഊഷ്മളതയ്ക്കും ഞാൻ നന്ദി പറയുന്നു," മോദി പറഞ്ഞു.
സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിൻ്റെ ക്ഷണപ്രകാരമാണ് മോദി രാജ്യത്തെത്തിയത്. സന്ദർശന വേളയിൽ, ഇന്ത്യയും സിംഗപ്പൂരും തമ്മലുള്ള ഉഭയകക്ഷി ബന്ധം, തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുകയും അർദ്ധചാലകങ്ങളിലെ സഹകരണം ഉൾപ്പെടെയുള്ള നാല് ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരനിക്ഷേപം കൂടുതൽ വിപുലപ്പെടുത്തണമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. പ്രതിരോധം, സുരക്ഷ,സമുദ്രസംബന്ധമായ വിഷയങ്ങൾ, വിദ്യാഭ്യാസം, എഐ, ഫിൻടെക്, പുതിയ സാങ്കേതിക മേഖലകൾ, ശാസ്ത്ര സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ നിലവിലുള്ള സഹകരണവും അവർ അവലോകനം ചെയ്തു.
കഴിഞ്ഞ ദിവസത്തെ ബ്രൂണെ സന്ദർശനത്തിന് പിന്നാലെയായിരുന്നു മോദിയുടെ സിംഗപ്പൂർ സന്ദർശനം. ബോർണിയോ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യമായ ബ്രൂണെയിലേക്ക് ഉഭയകക്ഷി സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1920-കളിൽ ബ്രൂണെയിൽ എണ്ണ കണ്ടെത്തിയതോടെയാണ് ഇന്ത്യക്കാർ രാജ്യത്തെത്തുന്നത്. നിലവിൽ, ഏകദേശം 14,000 ഇന്ത്യക്കാർ ബ്രൂണെയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ബ്രൂണെയുടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയുടെ വളർച്ചയിലെയും വികാസത്തിലെയും ഇന്ത്യൻ ഡോക്ടർമാരുടെയും അധ്യാപകരുടെയും സംഭാവനകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബ്രൂണെ സുൽത്താനും പ്രധാനമന്ത്രിയുമായ ഹസ്സനൽ ബോൾകിയയുമായി ബുധനാഴ്ച മോദി ചർച്ച നടത്തും. ബഹിരാകാശം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണത്തിലായിരിക്കും ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് റിപ്പോർട്ട്.