'നിങ്ങളെയോർത്ത് രാജ്യം അഭിമാനിക്കുന്നു': മനു ഭാക്കറിന് ആശംസയുമായി പ്രധാനമന്ത്രി

ടോക്കിയോ ഒളിംപിക്സില്‍ നിങ്ങളുടെ റൈഫിൾ നിങ്ങളെ ചതിച്ചു, എങ്കിൽ ഇത്തവണ നിങ്ങളത് നേടിയെടുക്കുക തന്നെ ചെയ്തു
'നിങ്ങളെയോർത്ത് രാജ്യം അഭിമാനിക്കുന്നു': മനു ഭാക്കറിന് ആശംസയുമായി പ്രധാനമന്ത്രി
Published on

പാരിസ് ഒളിംപിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാക്കറിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "മനു ഭാക്കറിൻ്റെ മെഡൽ നേട്ടത്തിൽ വലിയ സന്തോഷം തോന്നുന്നു. മനുവിന് വെള്ളി മെഡൽ നഷ്ടമായത് ഒരു പോയിൻ്റിനാണ്. ഇന്ത്യ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. ഈ മെഡൽ നേട്ടത്തിലൂടെ നിങ്ങൾ രണ്ട് കാര്യങ്ങളാണ് കൈവരിച്ചത്. ആദ്യത്തേത്, നിങ്ങൾ ഇന്ത്യക്ക് വെങ്കല മെഡൽ സമ്മാനിച്ചു. രണ്ടാമത്തേത്, ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ രാജ്യത്തിന് മെഡൽ സമ്മാനിക്കുന്ന ആദ്യ വനിതയായി മാറി. " പ്രധാനമന്ത്രി മനു ഭാക്കറിനോട് പറഞ്ഞു.

ടോക്കിയോ ഒളിംപിക്സില്‍ നിങ്ങളുടെ റൈഫിൾ നിങ്ങളെ ചതിച്ചു, എങ്കിൽ ഇത്തവണ നിങ്ങളത് നേടിയെടുക്കുക തന്നെ ചെയ്തു. ഇനിയുള്ള മത്സരയിനങ്ങളിലും നിങ്ങൾ വിജയിക്കുമെന്നും, രാജ്യം നിങ്ങളിൽ വിശ്വാസമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മനുവിനോട് പറഞ്ഞു. മെഡൽ നേട്ടത്തിന് ശേഷം ഫോണിൽ ബന്ധപ്പെട്ടായിരുന്നു പ്രധാനമന്ത്രി മനു ഭാക്കറിന് അഭിനന്ദനങ്ങളറിയിച്ചത്.

വനിതകളുടെ പത്ത് മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് മനു ഭാക്കർ ഇന്ത്യക്കായി വെങ്കലം നേടിയത്. ഫൈനലിൽ മൂന്നാമതായാണ് മനു ഫിനിഷ് ചെയ്തത്. ഫൈനലിൽ 221.7 പോയിൻ്റുമായാണ് മനു വെങ്കലം സ്വന്തമാക്കിയത്. ടോക്യോ ഒളിംപിക്സിൽ പിസ്റ്റൾ തകരാറിനെ തുടർന്ന് കണ്ണീരോടെ മടങ്ങിയ മനു ഭാക്കറിന് ഇതു മധുരപ്രതികാരം കൂടിയായി മാറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com