കണക്കുകൂട്ടലുകള്‍ തെറ്റിയ ബിജെപി, ഹീറോയായ 'ഇന്ത്യ' മുന്നണി; കശ്മീരില്‍ നാടകീയതകള്‍ക്ക് തിരശീല വീഴുമ്പോള്‍...

ബിജെപിയെ അധികാരത്തില്‍ നിന്നും എടുത്ത് മാറ്റുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും കൈകോർത്തത്
കണക്കുകൂട്ടലുകള്‍ തെറ്റിയ ബിജെപി, ഹീറോയായ 'ഇന്ത്യ' മുന്നണി; കശ്മീരില്‍ നാടകീയതകള്‍ക്ക് തിരശീല വീഴുമ്പോള്‍...
Published on


എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തൂക്കു മന്ത്രിസഭ എന്ന സാധ്യത കൂടുതല്‍ പ്രതിഫലിച്ചിരുന്നെങ്കിലും കശ്മീര്‍ താഴ്‌വര ബിജെപിയെ അപ്പാടെ തള്ളിയിരിക്കുന്നു. ഹരിയാനയില്‍ കാലിടറിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി ജമ്മു കശ്മീരില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പല സംഭവ വികാസങ്ങളും ചര്‍ച്ചയായിട്ടുണ്ട്. കോൺഗ്രസ് – നാഷണൽ കോണ്‍ഫറൻസ് കൂട്ടുകെട്ടിലെ ഇന്ത്യ മുന്നണി ബഹുദൂരം മുന്നിലായതും, ബിജെപി പിന്നിലായതും, എഎപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചതുമെല്ലാം ചിലപ്പോള്‍ ആ രാഷ്ട്രീയ സാഹചര്യത്തിന്‍റെ പ്രതിഫലനങ്ങളായിരിക്കാം. എന്തൊക്കെ മറുപടികളാണ് കശ്മീര്‍ ജനത ബാലറ്റിലൂടെ കുറിച്ചത്..?

2018 മുതല്‍ ജമ്മു കശ്മീരില്‍ നിലവിലുള്ള ലഫ്. ഗവര്‍ണര്‍ ഭരണം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് ഓഗസ്റ്റ് അഞ്ചിന് പുറത്തിറങ്ങിയ പ്രഖ്യാപനം, അതിന് ശേഷം കശ്മീരില്‍ കേന്ദ്രം സ്വീകരിച്ച നയങ്ങള്‍. 10 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ജനാധിപത്യ പ്രക്രിയയില്‍ ഇതെല്ലാം ചര്‍ചയാകുമെന്നത് തീര്‍ച്ചയായിരുന്നു. ബിജെപിയും ഇന്ത്യ സഖ്യവും തമ്മിലായിരുന്നു പോരാട്ടം. കൃത്യമായ സീറ്റ് വിഭജനമായിരുന്നു ആദ്യത്തെ പടി. കശ്മീർ മേഖലയിൽ നാഷണല്‍ കോണ്‍ഫറന്‍സ് കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ ജമ്മുവില്‍ കോണ്‍ഗ്രസായിരുന്നു പോരാട്ടത്തിന് ചുക്കാന്‍ പിടിച്ചത്. മത്സരരംഗത്തേക്ക് ഒമർ അബ്ദുള്ള കൂടി എത്തിയതോടെ വിജയം കുറച്ചുകൂടി എളുപ്പമായി. മത്സരിച്ച രണ്ട് സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെയാണ് ഒമർ അബ്ദുള്ള മുന്നേറിയത്. ഒമറിന്‍റെ ഈ നേട്ടം നാഷണല്‍ കോണ്‍ഫറന്‍സിനും ഇന്ത്യ സഖ്യത്തിനും മാത്രമല്ല, അബ്ദുള്ള കുടുംബത്തിനും വളരെ നിര്‍ണായകമാണ്. അതിന്‍റെ ഫലമെന്നോണം തെരഞ്ഞെടുപ്പ് നടന്ന 90 നിയമസഭാ സീറ്റുകളിൽ 49ലും ഇന്ത്യ സഖ്യം വിജയിച്ചു. 29 ഇടത്ത് മാത്രം ചുരുങ്ങിപ്പോയ ബിജെപിക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണ്.


സംസ്ഥാന വിഭജനവും നാടകീയ രംഗങ്ങളും

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് ശേഷം അത്യന്തം നാടകീയമായ രം​ഗങ്ങളായിരുന്നു അവിടെ അരങ്ങേറിയത്. സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റി. മറ്റ് കേന്ദ്രഭരണ പ്രദേശങ്ങൾ പോലെ ജമ്മു കശ്മീരിന് നിയമസഭയുണ്ടെങ്കിലും ലഡാക്കിന് അതില്ല. ജമ്മു കശ്മീരില്‍ പാര്‍ലമെന്റ് മണ്ഡലങ്ങളും അസംബ്ലി മണ്ഡലങ്ങളും പുനര്‍ നിര്‍ണയിക്കാൻ പുതിയ ബിൽ നിലവിൽ വരുന്നു. ഇത് പ്രകാരം 2022-ല്‍ മണ്ഡല പുനര്‍നിര്‍ണയം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.



ഇനി കശ്മീരിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്ന 2014ലേക്ക് പോകാം. അന്ന് 87 സീറ്റുകളുണ്ടായിരുന്ന മന്ത്രിസഭയിൽ ഏറ്റവും വലിയ കക്ഷി പിഡിപിയായിരുന്നു. രണ്ടാമത്തെ കക്ഷി ബിജെപി. 25 സീറ്റുകൾ സ്വന്തമായുണ്ടായിരുന്ന ബിജെപി തങ്ങളുടെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത് ജമ്മുവിലെ ഹിന്ദുഭൂരിപക്ഷ മേഖലകളിൽ നിന്നാണ്. ഉധംപുര്‍, കത്വ, സാംബ, ജമ്മു എന്നീ നാല് ജില്ലകളായിരുന്നു ബിജെപിയുടെ തുറുപ്പുചീട്ടുകൾ. 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് പിഡിപി സർക്കാർ രൂപീകരിച്ചെങ്കിലും 2018ൽ അവർ സഖ്യത്തിൽ നിന്നും പുറത്താകുന്നു. അങ്ങനെ സർക്കാർ നിലംപൊത്തുന്നു. അതിന് പിന്നാലെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ട് ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കി അതിനെ കേന്ദ്ര ഭരണ പ്രദേശമാക്കുന്നത്. കൗതുകം എന്തെന്നാൽ, ഇക്കാലയളവിലൊന്നും ജമ്മു കശ്മീരിൽ ഒരു തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉണ്ടായിരുന്നില്ല എന്നതാണ്.



സംസ്ഥാന വിഭജനത്തിന് പിന്നാലെ ജമ്മു ഡിവിഷനിലും കശ്മീര്‍ ഡിവിഷനിലും 10 വീതം ജില്ലകളാണുള്ളത്. മണ്ഡല പുനര്‍നിര്‍ണയത്തിനായി നിയമിച്ച ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി കമ്മീഷന്‍ 2022ൽ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ജമ്മു ഡിവിഷനിലേക്ക് ആറ് നിയമസഭാ സീറ്റുകളും കശ്മീര്‍ ഡിവിഷനിലേക്ക് ഒരു സീറ്റും കൂട്ടിച്ചേര്‍ത്തു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കണക്കാക്കുമ്പോൾ, സംസ്ഥാന വിഭജനവും അതിനെത്തുടർന്ന് നടന്ന പ്രാദേശിക പാർട്ടി നേതാക്കളുടെ ജയിൽവാസവും ജമ്മു മേഖലയിൽ പ്രാദേശിക പാർട്ടികൾക്കും ബിജെപിക്കും ഇടയിലുള്ള ചെറിയ തർക്കങ്ങളുമെല്ലാം ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് അഞ്ച് ബിജെപി അംഗങ്ങളെ ശുപാര്‍ശ ചെയ്യാന്‍ ശ്രമിച്ച ലെഫ്. ഗവര്‍ണറിന്‍റെ നീക്കവും പൊളിയുകയായിരുന്നു. ഇത് ഫൗള്‍ പ്ലേയാണ് എന്ന് ആരോപിച്ച് ഇന്ത്യ സഖ്യവും മുന്നോട്ട് വന്നിരിക്കുന്നു. ഇനി ബിജെപി അംഗങ്ങളെ ശുപാര്‍ശ ചെയ്യുന്ന നടപടിയില്‍ നിന്നും ലഫ്. ഗവര്‍ണര്‍ക്ക് പിന്മാറേണ്ടി വരും.

ALSO READ: കന്നിയങ്കത്തിൽ കാലിടറി, പരാജയം സമ്മതിച്ച് ഇൽത്തിജ മുഫ്തി

ഫീല്‍ഡ് ഔട്ട് ആയിപ്പോയ പിഡിപി

മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് 1999-ൽ രൂപീകരിച്ച പാര്‍ട്ടിയാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. മൂന്ന് വർഷത്തിന് ശേഷം 2002-ൽ കോൺഗ്രസിൻ്റെ സഹായത്തോടെ ആദ്യ സർക്കാർ രൂപീകരിച്ച പിഡിപി 2014ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്ന് വരികയും 2018 വരെ ബിജെപി സഖ്യത്തിൽ സർക്കാരിനെ നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പദം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട മെഹബൂബ മുഫ്തിയുടെ പാർട്ടിക്ക് മൂന്ന് സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. മകൾ ഇൽതിജ മുഫ്തി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തു.

എൻസിയുടെ വൻ തിരിച്ചുവരവ്

2008ന് ശേഷം ആദ്യമായാണ് ജമ്മുകശ്മീരിൽ നാഷണൽ കോൺഫറൻസ് അധികാരത്തിലെത്തുന്നത്. ഇത്തവണ കോൺഗ്രസിനെ കൂട്ടുപിടിച്ച് ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണെങ്കിൽ എൻസിയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ തിരിച്ചുവരവാണിത്. നേരത്തെ ഒരു തവണ മുഖ്യമന്ത്രിയായിരുന്ന ഒമർ അബ്ദുള്ള വീണ്ടും ജമ്മു കശ്മീർ മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. വലിയ അവകാശവാദങ്ങളും തർക്കങ്ങളുമില്ലാതെ ഇന്ത്യ സഖ്യത്തെ മുന്നിൽ നിന്ന് നയിച്ച നാഷണൽ കോൺഫറസിന് സമ്പൂർണ പിന്തുണ നൽകിയ കോൺഗ്രസും ഈ വിജയത്തിൽ നിർണായക ഘടകമായിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com