
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ വിദ്യാഭ്യാസ ഉപദേശക കൗണ്‍സില്‍ രൂപീകരിക്കാനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വിദ്യാഭ്യാസ രംഗത്തെ പ്രധാന മേഖലകളില്‍ പ്രവര്‍ത്തി പരിചയമുള്ളവരാകും കൗണ്‍സില്‍ അംഗങ്ങള്‍. വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതില്‍ വിവിധ സ്ഥാപനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിടവുകള്‍ നികത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുകയാവും കൗണ്‍സിലിന്‍റെ ചുമതല.
ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കാനാവശ്യമായ നിര്‍ണായക വശങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തെ ഉപദേശിക്കുന്നതിനും, സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നയത്തിന്‍റെ സമഗ്രവും വ്യവസ്ഥാപിതവുമായ നടപ്പാക്കല്‍ സുഗമമാക്കുന്നതിനും ഒരു വിദ്യാഭ്യാസ ഉപദേശക സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാല്യകാല വിദ്യാഭ്യാസം, അടിസ്ഥാന സാക്ഷരതയും സംഖ്യാ പഠനവും, സ്കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, മുതിര്‍ന്നവര്‍ക്കുള്ള വിദ്യാഭ്യാസവും ആജീവനാന്ത പഠനവും, നൂതന വിദ്യാഭ്യാസ രീതി, നവീന സാങ്കേതിക വിദ്യകളായ എ.ഐ, വൈദഗ്ധ്യ പരിശീലനം, തൊഴില്‍ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങി വിദ്യാഭ്യാസത്തിന്‍റെ സുപ്രധാന മേഖലകളില്‍ അനുഭവപരിചയവും വൈദഗ്ധ്യവുമുള്ള അംഗങ്ങള്‍ കൗണ്‍സിലില്‍ ഉണ്ടായിരിക്കും.
വിദ്യാഭ്യാസ ഉപദേശക കൗണ്‍സില്‍ സ്ഥിരം ചെയര്‍ പേഴ്‌സണുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ്. രണ്ട് സ്ഥിര അംഗങ്ങളും അഞ്ച് പാര്‍ട്ട് ടൈം അംഗങ്ങളും കൗണ്‍സിലിലുണ്ടാവും. സ്കൂള്‍, ഉന്നത വിദ്യാഭ്യാസ രംഗം, വിദ്യാഭ്യാസ നയം, ഭരണ വൈദഗ്ധ്യം, ഗവേഷണം എന്നീ മേഖലകളിലും അക്കാദമിക്, ജീവകാരുണ്യ രംഗത്തിലുമുള്ളവരാകും കൗണ്‍സിലിലെ പ്രമുഖ അംഗങ്ങള്‍.