
വെെവിധ്യപൂർണമായ ഇന്ത്യയെ ഒന്നിപ്പിക്കുന്ന ത്രിവർണപതാകയുടെ പിറന്നാൾ ദിവസമാണ് ഇന്ന്. ദേശസ്നേഹത്തെയും രാജ്യത്തിന്‍റെ അഭിമാനത്തെയും പ്രതിനിധീകരിക്കുന്ന ആ പതാകയെ രാജ്യമംഗീകരിച്ചത് ഇതുപോലൊരു ജൂലെെ 22 നായിരുന്നു.
1947 ജൂലെെ 22 ന്, ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിയ്ക്ക് 20 ദിവസം മുന്‍പാണ് ഡോ. രാജേന്ദ്ര പ്രസാദ് ചെയർമാനായ ഭരണഘടനാ നിർമാണ സമിതി ദേശീയ പതാകയ്ക്ക് അംഗീകാരം നല്‍കിയത്. പിന്നാലെ ഓഗസ്റ്റ് 15ന് സ്വാതന്ത്ര പുലരിയില്‍ ചെങ്കോട്ടയില്‍ മൂവർണക്കൊടി പാറി. 1947 മുതലുള്ള മൂന്ന് വർഷക്കാലം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നുള്ള ഇന്ത്യയുടെ വിമോചനത്തിന്‍റെ അടയാളമായിരുന്നു ഈ ത്രിവർണക്കൊടി. 1950ലാണ് ഇന്ത്യൻ പതാക ഭരണഘടന അംഗീകാരം നേടി ഇന്ത്യന്‍ റിപബ്ലിക്കിന്‍റെ അടയാളമായത് .
ത്യാഗത്തെയും നിഷ്‌പക്ഷതയെയും സൂചിപ്പിക്കുന്ന കാവി, രാജ്യത്തിന്‍റെ ഫലഭൂയിഷ്ടതയെയും ജീവദാതാവായ മണ്ണിനോടുള്ള ബന്ധത്തെയും സൂചിപ്പിക്കുന്ന പച്ച, മധ്യത്തില്‍ സത്യത്തിന്‍റെ പാതയില്‍ വെളിച്ചമായി വർത്തിക്കുന്ന വെളുപ്പ്, നടുക്ക് ജീവചലനത്തിന്‍റെ സൂചകമായി അശോകചക്രം - ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്വചിന്തജ്ഞനുമായ ഡോ. എസ്. രാധാകൃഷ്ണൻ ദേശീയപതാകയുടെ നിറങ്ങളെ നിർവചിക്കുന്നത് ഇങ്ങനെയാണ്.
ഇന്ത്യൻ ദേശീയ പതാകയുടെ ആദ്യ രൂപത്തിന് പിന്നില്‍ പ്രവർത്തിച്ചത് കറകളഞ്ഞ ഗാന്ധിയനും രത്നശാസ്ത്രജ്ഞനുമായ പിങ്കളി വെങ്കയ്യ എന്ന ആന്ധ്രാപ്രദേശുകാരനാണ്. 1921ൽ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന അഖിലേന്ത്യാ കോൺഗ്രസ്സ് സമ്മേളനത്തിലാണ് ചുവപ്പും പച്ചയും നിറങ്ങളെ പകുത്ത് ഖാദി ചക്രവുമുള്ള ആ പതാക സമർപ്പിക്കപ്പെടുന്നത്. പിന്നീട് ഗാന്ധിജിയുടേതടക്കം നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ കാലാന്തരത്തില്‍ അനിവാര്യമായ മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പതാകയില്‍ നിന്ന് ഇന്നുകാണുന്ന ത്രിവർണ്ണപതാക രൂപം കൊള്ളുന്നത്.
ഇന്ത്യൻ പതാകയുടെ നാൾവഴി
1906 ഓഗസ്റ്റ്: 1906 ഓഗസ്റ്റ് ഏഴിന് കൊൽക്കത്തയിലെ പർശ്രീ ബഗൻ സ്ക്വയറിലാണ് ഇന്ത്യൻ പതാക ആദ്യമായി പാറിയത്. ചുവപ്പ്, മഞ്ഞ, പച്ച കൊടികളായിരുന്നു ആദ്യ പതാകയിലുണ്ടായിരുന്നത്. നടുവിലായി വന്ദേഭാരതമെന്നും എഴുതിയിരുന്നു.
1907: ബിക്കാജി കാമ ഇന്ത്യൻ പതാകയുടെ മറ്റൊരു രൂപമായ ബെർലിൻ കമ്മിറ്റി പതാക ഉയർത്തി.
1917: നാട്ടുരാജ്യങ്ങൾക്ക് സ്വയം ഭരണപദവി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹോം റൂൾ പ്രസ്ഥാനത്തിൻ്റെ കാലത്താണ് അമേരിക്കൻ പതാകയോട് സാമ്യമായ പതാക പ്രത്യക്ഷപ്പെടുന്നത്.
1921: 1921ൽ വെള്ള, പച്ച, ചുവപ്പ് നിറങ്ങളും നടുവിൽ ഗാന്ധിയുടെ ചർക്കയുമായി പുതിയ പതാക പ്രത്യക്ഷപ്പെട്ടു.
1931: പച്ചയും വെള്ളയും കാവി നിറവുമുള്ള ഇന്നത്തെ ഇന്ത്യൻ പതാകയ്ക്ക് സമാനമായ പതാക പിങ്കളി വെങ്കയ്യ അവതരിപ്പിച്ചു. പിന്നീട് ഇത് ഇന്ത്യൻ നാഷണൽ ആർമിയുടെ യുദ്ധചിഹ്നമായി ഇത് മാറി. സ്വരാജ് പതാക, ഗാന്ധി പതാക, ചർക്ക പതാക എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.