ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ കഴിഞ്ഞ ദിവസം തീർഥാടകരുമായി പോയ ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിച്ചുകയറി പത്ത് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 14ഓളം പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇതിൽ 12 പേർ 18 വയസിന് താഴെയുള്ളവരാണ് എന്നാണ് പുറത്തുവരുന്ന വിവരം.
തീർഥാടകരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ബുലന്ദ്ഷഹർ-അലിഗഡ് അതിർത്തിയിൽ അർനിയ ബൈപാസിന് സമീപം പുലർച്ചെ 2.10 ഓടെയാണ് അപകടം നടന്നത്. ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിച്ചതിനെ തുടർന്ന് വാഹനം മറിയുകയായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ദിനേശ് കുമാർ സിങ്ങിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
രാജസ്ഥാനിലെ ജഹർപീറിലേക്ക് തീർഥാടനത്തിന് പോയ 61പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റിയതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പത്ത് യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.