
ഗുജറാത്ത്: അഹമ്മദാബാദില്‍ തര്‍ക്കത്തിനിടെ ജൂനിയര്‍ വിദ്യാര്‍ഥി കുത്തി പരിക്കേല്‍പ്പിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് സീനിയര്‍ വിദ്യാര്‍ഥിയെ കുത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ചൊവ്വാഴ്ച രാത്രിയോടെ വിദ്യാര്‍ഥി മരിച്ചു.
സെവെന്‍ത്ത് ഡേ അഡ്വെന്റിസ്റ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. പിന്നാലെ പ്രതിഷേധിച്ചുകൊണ്ട് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ കുടുംബവും സിന്ധി വിഭാഗത്തില്‍ നിന്നുള്ളവരും രംഗത്തെത്തി. ചൊവ്വാഴ്ച രാവിലെ തൊട്ടാണ് സ്‌കൂളിന് മുറ്റത്തെത്തി പ്രതിഷേധം തുടങ്ങിയത്.
വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ പ്രതി മുസ്ലീമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സംഭവത്തില്‍ എബിവിപിയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാര്‍ സ്‌കൂള്‍ പരിസരത്ത് അതിക്രമിച്ച് കയറി വസ്തുക്കള്‍ തകര്‍ത്തെന്നും സ്‌കൂള്‍ സ്റ്റാഫിനെ മര്‍ദിച്ചെന്നും ആരോപണമുണ്ട്.
ആണ്‍കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഒരു വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് ജയ്പാല്‍ സിങ് റാത്തോര്‍ സ്ഥിരീകരിച്ചു.
'കേസില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സിക്കിടെ മരിച്ചു. സിന്ധി വിഭാഗത്തില്‍ നിന്നുള്ള, ആണ്‍കുട്ടിയുടെ കുടുംബവും ബന്ധുക്കളും മറ്റു വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി,' പൊലീസ് പറഞ്ഞു.