
മഹാരാഷ്ട്രയിലെ താനെയില്‍ ലിഫ്റ്റിനുള്ളില്‍ 12 വയസ്സുകാരന് ക്രൂരമര്‍ദനം. കൈലാഷ് തവാനി എന്നയാളാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റ് ഒന്‍പതാം നിലയിലെത്തിയപ്പോള്‍ കുട്ടി ഡോര്‍ തുറക്കാത്തതില്‍ പ്രകോപിതനായാണ് ഇയാള്‍ മര്‍ദിച്ചത്.
ഒന്‍പതാം നിലയിലെത്തിയപ്പോള്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് കുട്ടി ആദ്യം ഡോര്‍ അടച്ചു. എന്നാല്‍ രണ്ടുപേര്‍ വരുന്നത് കണ്ടതോടെ ഡോര്‍ തുറക്കുകയും ചെയ്തു. പിന്നാലെ ലിഫ്റ്റിനുള്ളിലേക്ക് കയറിയ കൈലാഷ് തവാനി കുട്ടിയുടെ മുഖത്തടിക്കുകയും കയ്യില്‍ കടിക്കുകയുമായിരുന്നു.
ജൂലൈ നാലിനാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. പുറത്തുവെച്ച് കുത്തിക്കൊല്ലുമെന്നും ആണ്‍കുട്ടിയോട് തവാനി പറയുന്നതായി വീഡിയോയില്‍ കാണാം.
ഒപ്പം ലിഫ്റ്റിൽ കയറിയ ജീവനക്കാരി തടയാന്‍ ശ്രമിച്ചെങ്കിലും ബില്‍ഡിങ് ലോബിയിൽ എത്തുന്നത് വരെ ഇയാൾ ആക്രമണം തുടര്‍ന്നു. സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ കൈലാഷ് തവാനിക്കെതിരെ കേസെടുത്തു.