ബെംഗളൂരു: ഹാസനിൽ കൃഷിയിടത്തിൽ അടിമവേലയെന്ന് പരാതി. ഒരു മലയാളിയടക്കം 18 തൊഴിലാളികളെ കർണാടക പൊലീസ് രക്ഷപ്പെടുത്തി. പുത്തിഗ സ്വദേശി ഉദയനെയാണ് കർണാടക പൊലീസും റവന്യൂ വിഭാഗവും ചേർന്ന് രക്ഷപ്പെടുത്തിയത്.
ഇവരുടെ കൂടെ പണിയെടുത്തിരുന്ന ഒരാളുടെ അമ്മ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്ന് ഉദയൻ പറഞ്ഞു. കൂട്ടത്തിൽ മൂന്നും നാലും വർഷം പണിയെടുത്തവർ ഉണ്ടെന്നും അവർക്കും ശമ്പളമൊന്നും കൊടുക്കാറില്ലെന്നും ഉദയൻ വെളിപ്പെടുത്തി.
18 പേർ ഒരു ഷെഡിലാണ് കിടന്നിരുന്നത്. രാവിലെ ഭക്ഷണം തന്നാൽ പിന്ന വൈകീട്ട് മാത്രമേ തരാറുള്ളൂ. ഫോൺ പോലും പിടിച്ച് വച്ചിരുന്നു. ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. രാവിലെ വന്ന് ഷെഡിൽ നിന്നും എല്ലാവരേയും കൂട്ടികൊണ്ടുപോകുകയും എട്ട് മണിക്ക് തിരിച്ചെത്തിക്കുകയുമാണ് ചെയ്യാറ് എന്നും ഉദയൻ ചൂണ്ടിക്കാട്ടി.