
2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. കുറ്റാരോപിതര്‍ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. കേസില്‍ വധശിക്ഷയും ജീവപര്യന്തവും ഉള്‍പ്പെടെ വിധിക്കപ്പെട്ടവരാണ് ഇതോടെ കുറ്റവിമുക്തരാകുന്നത്.
189 പേരുടെ മരണത്തിനും 800ലേറെ പേരുടെ പരിക്കിനും കാരണമായ സ്ഫോടനക്കേസില്‍ 19 വര്‍ഷത്തിനുശേഷമാണ് വിധി. ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ചാണ് വിധി പറഞ്ഞത്. കുറ്റാരോപിതര്‍ക്കെതിരെ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പൂര്‍ണമായി പരാജയപ്പെട്ടു. പ്രതികളാക്കപ്പെട്ടവരാണ് ഈ കുറ്റം ചെയ്തതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതിനാൽ ഇവരുടെ ശിക്ഷ റദ്ദാക്കുന്നു. മറ്റു കേസുകളില്‍ പ്രതികളല്ലാത്തപക്ഷം, ഇവരെ ഉടന്‍ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നും കോടതി പറഞ്ഞു.
കേസില്‍ വിചാരണ കോടതി അഞ്ചു പേര്‍ക്ക് വധശിക്ഷയും ഏഴു പേര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു. അത് തള്ളിയാണ് ഹൈക്കോടതിയുടെ വിധി. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പ്രതികളാക്കപ്പെട്ടവര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുകയായിരുന്നുവെന്ന് ബെഞ്ച് വ്യക്തമാക്കി. സാക്ഷിമൊഴികളെയും ബെഞ്ച് ചോദ്യം ചെയ്തു. സ്ഫോടനം നടന്ന് 100 ദിവസങ്ങള്‍ക്കിപ്പുറം, പ്രതിയെ ഓര്‍ത്തിരിക്കാന്‍ ഒരു വ്യക്തിക്ക് കഴിയില്ല. അന്വേഷണത്തിനിടെ കണ്ടെത്തിയ സ്ഫോടന സാമഗ്രികള്‍, ആയുധങ്ങള്‍, മാപ്പ് എന്നിവ സ്ഫോടനവുമായി ബന്ധമില്ലാത്തതാണ്. സ്ഫോടനത്തിന് ഏത് തരം ബോംബാണ് ഉപയോഗിച്ചതെന്ന് തെളിയിക്കാന്‍ പോലും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി ബെഞ്ച് പറഞ്ഞു.
2006 ജൂലൈ 11നായിരുന്നു മുംബൈ നഗരത്തിലെ ലോക്കൽ ട്രെയിൻ ശൃംഖലയിലെ വിവിധ സ്ഥലങ്ങളിലായി ഏഴ് സ്ഫോടനങ്ങള്‍ സംഭവിച്ചത്. കേസില്‍ 2015ല്‍ വിചാരണ കോടതി 12 പേരെയും കുറ്റക്കാരായി കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.