

അൻജാവ്: അസമിലെ ടിൻസുകിയ ജില്ലയിൽ നിന്നുള്ള ദിവസവേതന തൊഴിലാളികളുമായി പോയ ട്രക്ക് അരുണാചൽ പ്രദേശിലെ അൻജാവ് ജില്ലയിലെ ഒരു കൊക്കയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. കുന്നിൻ പ്രദേശത്ത് കൂടി സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഏകദേശം 1000 അടി താഴ്ചയിലേക്ക് വാഹനം പതിക്കുകയായിരുന്നു.
അപകടസ്ഥലത്ത് നിന്ന് ഇതുവരെ 18 മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തിട്ടുണ്ട്. ആകെ 22 പേരാണ് ട്രക്കിൽ ഉണ്ടായിരുന്നത്. കാലാവസ്ഥയും ഭൂമിയുടെ ചെരിവും അപകടകരമായ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ സൈന്യവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. തൊഴിൽ സ്ഥാപനത്തോട് ട്രക്കിൽ ഉണ്ടായിരുന്ന തൊഴിലാളികളുടെ വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് അൻജാവ് പൊലീസ് സുപ്രണ്ട് അറിയിച്ചു.
മിതുങ്‌നയ്ക്കും മൈലാങ് ബസ്തിക്കും ഇടയിലുള്ള ലൈലാങ് ബസ്തിയിലെ ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം നടന്നത്. ടിൻസുകിയയിലെ ഗെലാപുഖുരി ടീ എസ്റ്റേറ്റിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ നിർമാണ പ്രവർത്തനങ്ങൾക്കായി ഹയുലിയാങ്ങിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം നടന്നത്. അതേസമയം, ചൈന അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാൽ അപകടം മറ്റുള്ളവർ അറിയാൻ വൈകുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് വിവരം അധികൃതർ അറിഞ്ഞത്.