
ഹൈദരാബാദ്: ബാഡ്മിന്റണ്‍ കളിക്കിടെ ഹൃദയാഘാതം മൂലം 25 കാരന്‍ മരിച്ചു. ഹൈദരാബാദിലെ നാഗോള്‍ സ്‌റ്റേഡിയത്തിലാണ് സംഭവം. ബാഡ്മിന്റണ്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൈദരാബാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഗുണ്ഡല രാകേഷ് ആണ് മരണപ്പെട്ടത്. കളിക്കിടെ രാകേഷ് കുഴഞ്ഞു വീഴുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
താഴെ നിന്നും ഷട്ടില്‍കോക്ക് എടുക്കാന്‍ കുനിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ നിലത്തേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ കൂടെയുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.