
ഡൽഹി: ഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേേക്ക് ഇൻഡ്യ മുന്നണിയുടെ എംപിമാർ പ്രതിഷേധ മാർച്ചിന് തയ്യാറെടുത്തിരിക്കെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്ക് സന്ദർശനാനുമതി നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മുന്നൂറോളം എംപിമാരുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ മാർച്ച് നടത്താനിരിക്കെയാണ് ഒടുവിൽ രാഹുലിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം പരമാവധി 30 പേർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം. ഇന്ന് ഉച്ചയ്ക്ക് 12നാണ് കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയിരിക്കുന്നത്.
അതേസമയം, പ്രതിപക്ഷ എംപിമാരുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തുന്ന മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ബിജെപിക്ക് ഭരണം പിടിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാപകമായി വോട്ട് മോഷണം നടത്തിയെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചത്.