

ഹരിയാനയിലെ ഫരീദാബാദിൽ 50 വരെ എണ്ണാൻ കഴിയാതെ വന്നതിന് നാല് വയസുള്ള മകളെ മർദിച്ച് കൊലപ്പെടുത്തി പിതാവ്.സംഭവത്തിൽ കൃഷ്ണ ജയ്‌സ്വാൾ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ മകളെ പഠിപ്പിക്കുന്നതിനിടെയാണ് സംഭവം. പെൺകുട്ടിയോട് 50 വരെ എണ്ണാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടിയ്ക്ക് എണ്ണാൻ കഴിഞ്ഞില്ല. ഇതിൽ കുപിതനായ കൃഷ്ണ കുട്ടി ബോധരഹിതയാവുന്നതു വരെ മർദിക്കുകയായിരുന്നു. മിനിറ്റുകൾക്ക് ശേഷം, പ്രതി കുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
പകൽ സമയത്ത് കുട്ടികളെ നോക്കാനായി വീട്ടിലിരുന്ന കൃഷ്ണ സംഭവത്തിന് ശേഷം കളിക്കുന്നതിനിടെ മകൾ പടിക്കെട്ടിൽ നിന്ന് വീണു മരിച്ചുവെന്നാണ് ഭാര്യയെ വിളിച്ചറിയിച്ചത്. ഇവർ ആശുപത്രിയിൽ എത്തിയതിനെ തുടർന്ന് കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടതോടെ സംശയം ഉടലെടുക്കുകയും പൊലീസിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു.
പിന്നീട് പൊലീസ് കൃഷ്ണയെ ചോദ്യം ചെയ്തതിൽ നിന്നും അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മകൾ സ്കൂളിൽ പോയിരുന്നില്ലെന്നും അതുകൊണ്ട് വീട്ടിൽ പഠിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നും കൃഷ്ണ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് പൊലീസ് അയാളെ അറസ്റ്റ് ചെയ്തു.
ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതികളും കുട്ടികളും ഫരീദാബാദിലെ ജാർസെൻ്റാലി ഗ്രാമത്തിൽ വർഷങ്ങളായി വാടകയ്ക്ക് താമസിച്ചുവരികയാണ്. മരിച്ച പെൺകുട്ടിയടക്കം മൂന്ന് മക്കളാണ് ഇവർക്ക്.