ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രചാരണം രാജ്യത്തെ മുൻ ന്യായാധിപന്മാരെ രണ്ട് തട്ടിലായിരിക്കുകയാണ്. ഇൻഡ്യാ സഖ്യ സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിയുടെ വിധിക്കെതിരായ അമിത് ഷായുടെ വിമർശനത്തിലാണ് തുടക്കം. അമിത്ഷാക്കെതിരെ 18 മുൻ ജഡ്ജിമാർ ഒപ്പിട്ട കത്ത് വന്നു. ഇതിനെ വിമർശിച്ച് 56 ജഡ്ജിമാരുടെ കത്തും പുറത്തുവന്നു. ഇതോടെ ന്യായാധിപരുടെ നിലപാടുകൾ വലിയ രാഷ്ട്രീയ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സുപ്രിംകോടതി വിധി അടക്കം വലിച്ചിഴക്കപ്പെട്ടതോടെയാണ് ന്യായാധിപരുടെ പ്രതികരങ്ങൾ പുറത്തുവന്നത്. ഛത്തീസ്ഗഢിലെ നിയവിരുദ്ധ സായുധസംഘം സാൽവാ ജുദൂമിനെ നിരോധിച്ചത് സുപ്രിംകോടതി മുൻ ജഡ്ജ് ബി സുദർശൻ റെഡ്ഡിയുടെ ബെഞ്ചാണ്. സുദർശൻ റെഡ്ഡി ഇൻഡ്യാ സഖ്യ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായതോടെ ഈ വിധിയെ ആഭ്യന്തരമന്ത്രി അമിത് ഷാ വിമർശിച്ചു. ഇതിലാണ് വിവാദത്തുടക്കം.
അമിത് ഷായുടെ നടപടിക്കുള്ള 18 മുൻ ജഡ്ജിമാരുടെ പ്രതികരണം തുടർന്ന് പുറത്തുവന്നു. ജഡ്ജിമാരുടെ പ്രതികരണം അനാവശ്യമെന്ന് പറഞ്ഞ് 56 മുൻ ന്യായാധിപന്മാരുടെ മറ്റൊരു കത്തും പുറത്തുവന്നു. രാഷ്ട്രീയത്തിലേക്ക് സുദർശൻ റെഡ്ഡി ഇറങ്ങിയതിനാൽ വിമർശനം സ്വന്തം നിലയ്ക്ക് നേരിടുകയാണ് വേണ്ടതെന്നും, ഇതിൽ മറ്റ് ജഡ്ജിമാർ ഭാഗമാകാൻ പാടില്ലെന്നുമായിരുന്നു 56 ജഡ്ജിമാരുടെ കത്തിലെ വിമർശനം. ജുഡീഷ്യറിയുടെ ഭാഗമായി നിന്നവർ ഇത്തരം രാഷ്ട്രീയക്കെണികളിൽ വീഴരുതെന്നും കത്തിലുണ്ട്.
എന്നാൽ മുൻ ചീഫ് ജസ്റ്റിസുമാരായ പി സദാശിവം, രഞ്ജൻ ഗൊഗോയ് എന്നിവരുടെ പേര് അടക്കമുള്ള കത്തിലാണ് പുതിയ വിവാദം. കത്തിൽ പേരുള്ള പല മുൻ ജഡ്ജിമാരും ഇത് അറിഞ്ഞിട്ടില്ലെന്ന് മുൻ സുപ്രിംകോടതി ജഡ്ജ് തന്നോട് പറഞ്ഞെന്ന്- ബി സുദർശൻ റെഡ്ഡി പറയുന്നു. ജസ്റ്റിസ് ആർ.വി. രവീന്ദ്രന്റെ പേര് കത്തിലുണ്ട്, അദ്ദേഹം പ്രസ്താവനയിൽ ഒപ്പിട്ടിട്ടില്ല. പലർക്കും കത്തിനെക്കുറിച്ച് അറിയുക പോലുമില്ല - റെഡ്ഡി പറഞ്ഞു. ജഡ്ജിമാരുടെ കത്ത് തനിക്കെതിരല്ല. അവരുടെ അഭിപ്രായം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വിദ്വേഷങ്ങളില്ലാതെ നടക്കാനാണ് - റെഡ്ഡി പറഞ്ഞു.
അതേസമയം അമിത് ഷായുടെ പരാമർശത്തിൽ റെഡ്ഡിയെ പിന്തുണച്ച സുപ്രിംകോടതി മുൻ ജഡ്ജുമാരെ വിമർശിച്ച് നാഷണൽ ലോ കമ്മീഷനംഗം അഡ്വ. ഹിതേഷ് ജെയിനടക്കം രംഗത്തുവന്നു. ചില മുൻ ന്യായാധിപന്മാർ പൊളിറ്റിക്കൽ ആക്ടിവിസ്റ്റുകളെ പോലെ സംസാരിക്കുന്നുവെന്നാണ് ജെയിൻ വിമർശിച്ചത്. മുൻ ജഡ്ജുമാരായ മദൻ ബി ലോകൂർ, അഭയ് ഓക്ക, എസ് മുരളീധരൻ, സഞ്ജീവ് ബാനർജി എന്നിവരുടെ നിലപാടിനെ ചൂണ്ടിയാണ് അഡ്വ. ഹിതേഷ് ജെയിനിന്റെ വിമർശനം. ഏതായാലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സുപ്രിംകോടതി വിധി വലിച്ചിഴക്കപ്പെട്ടതോടെ രണ്ട് തട്ടിലാണ് ജുഢീഷ്യൽ ലോകം.