ഡെറാഡൂൺ: ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തെ തുടർന്ന് 150 ഓളെ പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഇതുവരെ 5 മൃതദേഹങ്ങളാണ് കണ്ടെത്താനായത്. ഉത്തരാഖണ്ഡിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. 11 സൈനികരെയും കാണാതായെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
ഇന്നലെ വൈകീട്ടോടെയാണ് ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം റിപ്പോർട്ട് ചെയ്തത്. നിരവധി വീടുകള്‍ ഒലിച്ചുപോയതായും 60 ഓളം പേരെ കാണാതായെന്നുമാണ് പ്രാഥമിക വിവരം. ഖീര്‍ ഗംഗ നദിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് മേഘവി സ്‌ഫോടനം ഉണ്ടായത്.
മേഘവിസ്‌ഫോടനത്തിൻ്റെ ദൃശ്യങ്ങള്‍ ഉത്തരകാശി പൊലീസ് പങ്കുവെച്ചിരുന്നു. കൂടാതെ നദിക്കരയില്‍ നിന്നും ആളുകള്‍ മാറിത്താമസിക്കണമെന്ന നിർദേശവും നൽകിയിരുന്നു.
ധരാലിയിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി പേരാണ് ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കാണാതായ പ്രദേശവാസികളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
വേഗത്തിലുള്ള ദുരന്ത നിവാരണ പ്രവർത്തനത്തിനായി സൈന്യം പ്രവർത്തിച്ചുവരികയാണെന്ന് എച്ച്എഡിആർ അറിയിച്ചു. റോഡുകളും പാലങ്ങളും തകർന്നത് കാരണം രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നതായും ഇവർ പറഞ്ഞു.