ദന്തേവാഡ: ഛത്തീസ്ഗഡിൽ 63 മാവോയിസ്റ്റുകൾ കീഴടങ്ങി. 1.96 കോടി രൂപ തലക്ക് വിലയിട്ട 36 മുതിർന്ന മാവോയിസ്റ്റ് നേതാക്കള്‍ അടക്കമാണ് ബസ്തറില്‍ കീഴടങ്ങിയത്. ദന്തേവാഡയിലെ ജില്ലാ റിസർവ് ഗാർഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ 18 സ്ത്രീകളും 45 പുരുഷ മാവോയിസ്റ്റുകളും ആയുധം താഴെവെച്ചു.
കീഴടങ്ങിയവരിൽ ഏഴ് മാവോയിസ്റ്റ് കേഡർമാർ ഉൾപ്പെടുന്നു. അവർക്ക് 8 ലക്ഷം രൂപ വീതവും, ഏഴ് പേർക്ക് 5 ലക്ഷം രൂപ വീതവും, എട്ട് പേർക്ക് 2 ലക്ഷം വീതവും, 11 പേർക്ക് 1 ലക്ഷം വീതവും, മൂന്ന് പേർക്ക് 50,000 രൂപ വീതവും എന്നിങ്ങനെ ആകെ 1,19,50,000 രൂപയാണ് തലയ്ക്ക് വിലയിട്ടിരുന്നതെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
ദന്തേവാഡ പൊലീസിന്‍റെ 'പൂന മാർഗം' പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് കീഴടങ്ങൽ. കീഴടങ്ങുന്ന ഓരോ കേഡറിനും 50,000 രൂപ സഹായവും നൈപുണ്യ പരിശീലനവും കൃഷിഭൂമി അടക്കം മറ്റു സൗകര്യങ്ങളുമാണ് സർക്കാർ വാഗ്ദാനം. ദർഭ ഡിവിഷൻ, സൗത്ത് ബസ്തർ, വെസ്റ്റ് ബസ്തർ, മാഡ് ഏരിയ, ഒഡീഷ എന്നിവിടങ്ങളിൽ സജീവമായിരുന്ന മാവോയിസ്റ്റുകളാണ് ആയുധം താഴെ വച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്.
സമാധാനം, വിശ്വാസം, വികസനം എന്നിവ കൈവരിക്കുന്നതിനുള്ള മറ്റൊരു ചരിത്ര നാഴികക്കല്ലാണിതെന്ന് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പറഞ്ഞു. ഈ നേട്ടത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ എന്നിവരുടെ പരിശ്രമവും ഉണ്ടെന്ന് ദിയോ സായ് കൂട്ടിച്ചേർത്തു. "തോക്കുകളല്ല, സംഭാഷണവും വികസനവുമാണ് ശാശ്വത പരിഹാരങ്ങൾ എന്നതിന്റെ തെളിവാണ് ഈ സംഭവം." എന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഛത്തീസ്ഗഡ് സർക്കാരിന്റെ പുനരധിവാസ നയത്തെയും പ്രശംസിച്ചു.