രാജസ്ഥാനിൽ നദിയിൽ കുളിക്കുന്നതിനിടെ എട്ട് പേർ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ വെള്ളത്തിലേക്ക് കാൽ വഴുതി വീണതിനെ തുടർന്നാണ് അപകടം ഉണ്ടായത്. 11 പേരടങ്ങുന്ന സംഘമാണ് ടോങ്ക് ജില്ലയിലെ ബനാസ് നദിയിൽ കുളിക്കാനിറങ്ങിയത്.
സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ടോങ്ക് പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
'ജയ്‌പൂരിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ 25നും 30നും ഇടയിൽ പ്രായമുള്ളവരാണ് അപകടത്തിൽ പെട്ടത്. എന്നാൽ ഇവർ എങ്ങനെയാണ് വെള്ളത്തിലേക്ക് വീണതെന്ന് വ്യക്തമല്ലെന്ന് പൊലീസ് സൂപ്രണ്ട് വികാസ് സാങ്‌വാൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനം രേഖപ്പെടുത്തി. അപകടം അങ്ങേയറ്റം ദുഃഖകരവും, വേദനാജനകവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചടുയൻ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ എക്സ്പോസ്റ്റിനെ ഉദ്ധരിച്ച് ദി മിൻ്റ് റിപ്പോർട്ട് ചെയ്തു.