

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിക്ഷേപിച്ചു. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11.51നായിരുന്നു വിക്ഷേപണം നടന്നത്. നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03 (NVS-03) ആണ് ബഹിരാകാശത്തേക്ക് അയച്ചത്. ഐഎസ്ആർഒയുടെ 'സ്മാർട്ട് ബോയ്' എന്നറിയപ്പെടുന്ന ജിഎസ്എൽവി റോക്കറ്റിൻ്റെ ഇരുപതാം ദൗത്യമാണിത്.
ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ ഉപഗ്രഹ ശൃംഖലയായ നാവിക്കിനെ (NavIC) പുനരുജ്ജീവിപ്പിക്കാൻ ഉള്ള ദൗത്യമാണിത്. ആകെ ദൗത്യ സമയം 19 മിനിറ്റാണ്. രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹങ്ങളിൽ മൂന്നാമത്തേതാണ് എൻവിഎസ് 03. ഏകദേശം 2,250 കിലോഗ്രാം ഭാരമുള്ള എൻവിഎസ് 03 ഉപഗ്രഹത്തെ ജിഎസ്എൽവി റോക്കറ്റ് ഭൗമസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിക്കും. അവിടെ നിന്ന് ഉപഗ്രഹത്തിലെ സ്വന്തം പ്രൊപ്പൽഷൻ സിഗ്നലുകൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തും. ഇന്ത്യയുടെ 1500 കിലോമീറ്റർ ചുറ്റളവിൽ എൻവിഎസ് 03യുടെ സേവനം ലഭ്യമാകും.